‘നാണക്കേട്, തികഞ്ഞ ഭ്രാന്ത്’, പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങൾക്കെതിരെ ആഞ്ഞടിച്ച് നെതന്യാഹു; കടുത്ത വിമർശനം

ന്യൂയോർക്ക്: പലസ്തീൻ രാഷ്ട്രമെന്ന ആശയത്തെ യുഎൻ പൊതുസഭയിലെ പ്രസംഗത്തിൽ ശക്തമായി എതിർത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീൻ രാഷ്ട്രത്തെ അടുത്തിടെ അംഗീകരിച്ച രാജ്യങ്ങളുടെ നടപടിയെ അദ്ദേഹം “നാണക്കേട്, തികഞ്ഞ ഭ്രാന്ത്” എന്ന് വിശേഷിപ്പിച്ചു. ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി മറ്റ് പാശ്ചാത്യ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തിന് നയതന്ത്രപരമായ അംഗീകാരം നൽകുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹു ലോക നേതാക്കൾക്കെതിരെ ആഞ്ഞടിച്ചത്. ഈ രാജ്യങ്ങൾ സമ്മർദ്ദത്തിന് വഴങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“നിങ്ങളുടെ ഈ നാണക്കേടുണ്ടാക്കുന്ന തീരുമാനം ജൂതന്മാർക്കും ലോകമെമ്പാടുമുള്ള നിരപരാധികളായ ആളുകൾക്കെതിരെ ഭീകരതയെ പ്രോത്സാഹിപ്പിക്കും. ഇത് നിങ്ങൾക്കെല്ലാവർക്കും ഒരു കളങ്കമായി മാറും,” അദ്ദേഹം പറഞ്ഞു. “ശബ്ബത്ത് കൂട്ടക്കൊല നടത്തിയവരെയും അതിനെ പിന്തുണച്ചവരെയും നിങ്ങൾ സമ്മാനം നൽകി ആദരിക്കുകയാണ് ചെയ്യുന്നത്. ഒക്ടോബർ 7-ന് ശേഷം ജെറുസലേമിൽ നിന്ന് ഒരു മൈൽ അകലെ പലസ്തീനികൾക്ക് ഒരു രാജ്യം നൽകുന്നത്, സെപ്റ്റംബർ 11-ന് ശേഷം ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ഒരു മൈൽ അകലെ അൽ ഖ്വയ്ദക്ക് ഒരു രാജ്യം നൽകുന്നതിന് തുല്യമാണ്.”

“ഒരു ഭീകര രാഷ്ട്രത്തെ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇസ്രയേൽ നിങ്ങളെ അനുവദിക്കില്ല. ഇസ്രായേലിന്‍റെ രക്തം ആവശ്യപ്പെടുന്ന ശത്രുതാപരമായ മാധ്യമങ്ങളെയും ജൂതവിരുദ്ധരെയും നേരിടാൻ നിങ്ങൾക്ക് ധൈര്യമില്ലാത്തതിനാൽ ഞങ്ങൾ ദേശീയ ആത്മഹത്യ ചെയ്യില്ല,” അദ്ദേഹം പറഞ്ഞു. ഒരു പലസ്തീൻ രാഷ്ട്രം അടിച്ചേൽപ്പിക്കാനുള്ള ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ ഇസ്രയേലി പാർലമെന്റിലെ 120 നിയമസഭാംഗങ്ങളിൽ 99 പേർ വോട്ട് ചെയ്തതിനെ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.

More Stories from this section

family-dental
witywide