നിർണായക നീക്കങ്ങളുമായി യുഎസും ഇസ്രയേലും, നെതന്യാഹുവിന്‍റെ വിശ്വസ്തൻ അമേരിക്കയിലേക്ക്; സുപ്രധാന ചർച്ചകൾ നടക്കും

വാഷിംഗ്ടണ്‍: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായ സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമർ തിങ്കളാഴ്ച വാഷിംഗ്ടൺ ഡി സി സന്ദർശിക്കും. നെതന്യാഹുവും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ സന്ദർശനം. നെതന്യാഹുവിന്‍റെ സന്ദർശനത്തിന് നിശ്ചിത തീയതിയായിട്ടില്ല. എന്നാൽ ട്രംപിന് അതിനോട് വളരെ താൽപ്പര്യമുണ്ടെന്നും വ്യാഴാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച, നെതന്യാഹുവിനെതിരെയുള്ള അഴിമതി വിചാരണയെ ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ വേട്ടയാടൽ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇസ്രയേൽ നേതാവിന്റെ സഖ്യകക്ഷികൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഇതിനിടെ അഴിമതിക്കേസിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സാക്ഷ്യപത്രം നൽകുന്നത് മാറ്റിവെക്കാനുള്ള അദ്ദേഹത്തിന്‍റെ അപേക്ഷ ഇസ്രായേൽ കോടതി നിരസിച്ചു. ഇറാനുമായുള്ള 12 ദിവസത്തെ യുദ്ധത്തിന് ശേഷം ‘സുരക്ഷാ കാര്യങ്ങളിൽ’ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി അടുത്ത രണ്ടാഴ്ചത്തെ വിചാരണകളിൽ നിന്ന് അദ്ദേഹത്തിന് ഒഴിവ് നൽകണമെന്ന് നെതന്യാഹുവിന്‍റെ അഭിഭാഷകൻ വ്യാഴാഴ്ച കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

നിലവിലെ രൂപത്തിൽ വാദം കേൾക്കുന്നത് റദ്ദാക്കാൻ മതിയായ അടിസ്ഥാനമോ വിശദമായ ന്യായീകരണമോ ഇല്ലെന്ന് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ജറുസലേം ജില്ലാ കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയുന്ന നെതന്യാഹു, തനിക്കെതിരായ വിചാരണ രാഷ്ട്രീയ പ്രേരിതമാണെന്നാണ് വാദിക്കുന്നത്.നെതന്യാഹുവിനും ഭാര്യ സാറയ്ക്കും എതിരെ മൂന്ന് കേസുകളാണുള്ളത്.