
ജറുസലേം: ഇറാനിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടികൾക്ക് ശേഷം നിരവധി അവസരങ്ങൾ തുറന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ തടവിലുള്ള ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള സാധ്യതയും ഇതിൽ ഉൾപ്പെടുന്നതായി അദ്ദേഹം സൂചിപ്പിച്ചു. തെക്കൻ ഇസ്രായേലിലെ ഷിൻ ബെറ്റ് സുരക്ഷാ ഏജൻസി കേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നിങ്ങൾക്കറിയാവുന്നതുപോലെ, ഈ വിജയത്തിന് ശേഷം നിരവധി അവസരങ്ങൾ ഇപ്പോൾ തുറന്നിട്ടുണ്ട്. ഒന്നാമതായി, ബന്ദികളെ രക്ഷിക്കുക. തീർച്ചയായും, ഗാസ പ്രശ്‌നം പരിഹരിച്ച് ഹമാസിനെ പരാജയപ്പെടുത്തുകയും വേണം. എന്നാൽ ഈ രണ്ട് ദൗത്യങ്ങളും ഞങ്ങൾ പൂർത്തിയാക്കുമെന്ന് വിശ്വസിക്കുന്നു” എന്ന് നെതന്യാഹു വ്യക്തമാക്കി.
ഹമാസിനെ പരാജയപ്പെടുത്തുന്നതിനേക്കാൾ ബന്ദികളെ തിരിച്ചെത്തിക്കുന്നതിന് നെതന്യാഹു വ്യക്തമായി മുൻഗണന നൽകുന്ന ആദ്യ സന്ദർഭങ്ങളിൽ ഒന്നാണിത്. ഇത് ഹമാസിനെതിരായ പോരാട്ടത്തിന്‍റെ പ്രാധാന്യം കുറച്ച് കാണിക്കുന്നതായും വിലയിരുത്തപ്പെടുന്നു. മാസങ്ങളായി ഗാസയിൽ ഹമാസിനെ പരാജയപ്പെടുത്തി സമ്പൂർണ്ണ വിജയം നേടുന്നതിനാണ് നെതന്യാഹു മുൻഗണന നൽകിയിരുന്നത്. മെയ് മാസത്തിന്‍റെ തുടക്കത്തിൽ, ബന്ദികളെ മോചിപ്പിക്കുകയല്ല, ഹമാസിനെ പരാജയപ്പെടുത്തുന്നതാണ് പരമമായ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
വെടിനിർത്തൽ കരാറിനായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രായേലിന് മേൽ ചെലുത്തുന്ന വർദ്ധിച്ചുവരുന്ന സമ്മർദ്ദങ്ങൾക്കിടയിലാണ് നെതന്യാഹുവിന്‍റെ ഈ അഭിപ്രായങ്ങൾ വരുന്നത് എന്നുള്ളതാണ് ശ്രദ്ധേയം. ഇറാനുമായുള്ള സംഘർഷം അവസാനിച്ചതുമുതൽ ഗാസയിലെ ഹമാസുമായി സ്തംഭിച്ച ചർച്ചകൾ പുനരാരംഭിക്കാൻ മധ്യസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.