വൈറ്റ് ഹൗസിന് പിന്നാലെ നെതന്യാഹുവിന്‍റെ ഓഫീസും..; ശരിക്കും അർഹൻ ട്രംപ് തന്നെ, സമാധാനം യാഥാര്‍ഥ്യമാക്കുന്നത് യുഎസ് പ്രസിഡന്‍റ്’

ജറുസലേം: നൊബേൽ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അർഹതപ്പെട്ടതാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അഭിപ്രായപ്പെട്ടു. സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നൽകാനുള്ള നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നാലെയാണ് പ്രതികരണം. “നൊബേൽ കമ്മിറ്റി സംസാരിക്കുന്നത് സമാധാനത്തെക്കുറിച്ചാണ്. എന്നാൽ പ്രസിഡന്‍റ് അത് യാഥാർത്ഥ്യമാക്കുന്നു. വസ്തുതകൾ സ്വയം സംസാരിക്കുന്നു. പ്രസിഡന്‍റ് ട്രംപ് അതിന് അർഹനാണ്.” – നെതന്യാഹുവിന്‍റെ ഓഫീസ് എക്സിൽ കുറിച്ചു.

ട്രംപിനെ നൊബേൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്തവരിൽ നെതന്യാഹുവും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈയിൽ വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിലാണ് അദ്ദേഹം ട്രംപിന് ഈ നാമനിർദ്ദേശം സമർപ്പിച്ചത്. കൂടാതെ, ഈ വർഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷാവസ്ഥയിൽ ട്രംപ് നടത്തിയ ‘നിർണ്ണായക നയതന്ത്ര ഇടപെടൽ’ ചൂണ്ടിക്കാട്ടി പാകിസ്ഥാനും ജൂണിൽ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തിരുന്നു.

വെനസ്വേലയിലെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിച്ചതിനും, ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റത്തിനായി പോരാടിയതിനും ആണ് വെനസ്വേലൻ പ്രതിപക്ഷ നേതാവായ മച്ചാഡോയ്ക്ക് പുരസ്കാരം നൽകിയതെന്ന് ഓസ്‌ലോയിൽ നടന്ന ചടങ്ങിൽ നോർവീജിയൻ നൊബേൽ കമ്മിറ്റി ഇന്ന് പ്രഖ്യാപിച്ചു.

More Stories from this section

family-dental
witywide