
വാഷിംഗ്ടൺ: ആരോഗ്യം മോശമാവുകയാണെന്ന ഊഹാപോഹങ്ങൾ തള്ളി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. താൻ ജീവിതത്തിൽ ഇത്രയും നല്ല ആരോഗ്യം അനുഭവിച്ചിട്ടില്ല എന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. “വിരോധാഭാസപരമായ ഇരട്ടത്താപ്പ്” എന്ന് വിശേഷിപ്പിച്ച് കൺസർവേറ്റീവ് കമൻ്റേറ്റർ ഡിസി ഡ്രെയിനോ പങ്കുവെച്ച പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
“പൊതുപരിപാടികളിൽ പങ്കെടുക്കാതെ ജോ ബൈഡൻ ദിവസങ്ങളോളം മാറിനിന്നിട്ടും, മാധ്യമങ്ങൾ അദ്ദേഹത്തിന് ‘മിടുക്കനാണെന്നും’, ‘മികച്ച ഫോമിലാണെന്നും’ പറഞ്ഞു. അതേസമയം, അദ്ദേഹം ഡയപ്പറുകൾ ധരിക്കുകയും ഉറങ്ങുകയും ചെയ്യുകയായിരുന്നു. എന്നാൽ, യുഎസ് ചരിത്രത്തിലെ ഏതൊരു പ്രസിഡന്റിനേക്കാളും കൂടുതൽ സമയം പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ട്രംപ് 24 മണിക്കൂർ അപ്രത്യക്ഷനായാൽ മാധ്യമങ്ങൾ പരിഭ്രാന്തരാകുന്നു. വിരോധാഭാസപരമായ ഇരട്ടത്താപ്പ്,” എന്നായിരുന്നു ഡിസി ഡ്രെയിനോയുടെ പോസ്റ്റ്.
“ജീവിതത്തിൽ ഇത്രയും നല്ല ആരോഗ്യം എനിക്ക് മുമ്പ് ഉണ്ടായിട്ടില്ല.” എന്നായിരുന്നു ഇതിന് മറുപടിയായി ട്രംപ് കുറിച്ചത്. വാഷിംഗ്ടൺ ഡിസി ഒരു “കുറ്റകൃത്യരഹിത മേഖല” ആയി മാറിയെന്നും ഇതേ പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങൾ “ട്രംപ് ഈസ് ഡെഡ്” (#TrumpIsDead) എന്ന ഹാഷ്ടാഗോടു കൂടി എക്സിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് ട്രംപിന്റെ പരിപാടികളൊന്നുമില്ലാത്ത ഒരു ഷെഡ്യൂൾ പുറത്തുവിട്ടതോടെയാണ് ഈ ഊഹാപോഹങ്ങൾ ശക്തമായത്. എന്നാൽ, ട്രംപ് ശനിയാഴ്ച ഗോൾഫ് കളിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞു. ഈ ചിത്രവും വ്യാജമാണെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിച്ചിരുന്നു.














