അമേരിക്കയില്‍ പുതിയ എഐ വിപ്ലവം, ‘സ്റ്റാര്‍ഗേറ്റ്’ എന്ന വമ്പന്‍ പദ്ധതിയുമായി ട്രംപ്; സാം ആള്‍ട്ട്മാനുണ്ട്, പക്ഷേ മസ്‌ക് ഔട്ട് !

വാഷിംഗ്ടണ്‍ ഡിസി: ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോജക്റ്റിന് അമേരിക്കയില്‍ ജീവന്‍വയ്ക്കുന്നു. ഡോണാള്‍ഡ് ട്രംപിലൂടെ അമേരിക്കയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഒരു പുതിയ യുഗം ഉദിക്കുകയാണ്. എഐയില്‍ ആഗോള ആധിപത്യം സ്ഥാപിക്കുന്നതിനായി മൂന്ന് ടെക് ഭീമന്മാര്‍ ഒന്നിച്ചുള്ള പദ്ധതിയാണ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ് ഹൗസില്‍ നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് ഡോണാള്‍ഡ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.

‘സ്റ്റാര്‍ഗേറ്റ്’ എന്ന് വിളിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോജക്റ്റിനായി
ChatGPTനിര്‍മ്മാതാക്കളായ OpenAI-യുടെ സ്ഥാപകന്‍ സാം ആള്‍ട്ട്മാന്‍, ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണ്‍, സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സണ്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. പദ്ധതിയില്‍ ഭാഗമാകാന്‍ എന്‍വിഡിയയും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ട്രംപിന്റെ ഏറ്റവും വലിയ പിന്തുണക്കാരില്‍ ഒരാളും വിശ്വസ്തനുമായ ഇലോണ്‍ മസ്‌ക് അക്കൂട്ടത്തിലില്ല.

‘ചരിത്രത്തിലെ ഏറ്റവും വലിയ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റ്’ ആയിരിക്കുമെന്നും ‘കുറഞ്ഞത് 500 ബില്യണ്‍ ഡോളര്‍’ നിക്ഷേപം നടത്തുമെന്നും അതില്‍ ആദ്യ ഗഡു 100 ബില്യണ്‍ ഡോളറായിരിക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. ഈ പദ്ധതി യുഎസില്‍ 100,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രസിഡന്റ് അവകാശപ്പെട്ടു. സ്റ്റാര്‍ഗേറ്റിന്റെ ആദ്യത്തെ ഒരു ദശലക്ഷം ചതുരശ്ര അടിയുള്ള ഡാറ്റാ സെന്റര്‍ ടെക്‌സാസില്‍ ഇതിനകം നിര്‍മ്മാണത്തിലിരിക്കുകയാണെന്ന് ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണ്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വൈറ്റ് ഹൗസിലെ പത്രസമ്മേളനം കഴിഞ്ഞയുടനെ, സ്റ്റാര്‍ഗേറ്റിനെക്കുറിച്ചുള്ള ഓപ്പണ്‍എഐയുടെ എക്‌സിലെ പോസ്റ്റിന് നേരിട്ട് മറുപടി നല്‍കിക്കൊണ്ട് എലോണ്‍ മസ്‌ക് തന്റെ നീരസം പ്രകടിപ്പിച്ച് രംഗത്തെത്തി- ‘അവരുടെ പക്കല്‍ യഥാര്‍ത്ഥത്തില്‍ 500 ബില്യണ്‍ ഡോളര്‍ പണമില്ല’ എന്നായിരുന്നു മസ്‌കിന്റെ വാക്കുകള്‍. ഇതോടെ പ്രോജക്ടിന്റെ ഭാഗമാകാന്‍ കഴിയാത്തതിനാലാണ് ഈ പ്രതികരണമെന്നാണ് വിമര്‍ശനം.

2015ല്‍ ഓപ്പണ്‍എഐ ആരംഭിച്ചപ്പോള്‍ എലോണ്‍ മസ്‌ക് അതിന്റെ സഹസ്ഥാപകരില്‍ ഒരാളായിരുന്നു. എന്നാല്‍ 2018-ല്‍ മസ്‌ക് ഓപ്പണ്‍എഐ വിട്ടു. സമീപകാലത്ത്, ഇലോണ്‍ മസ്‌കും സാം ആള്‍ട്ട്മാനും , അല്ലെങ്കില്‍ ഓപ്പണ്‍എഐയും തമ്മിലുള്ള ബന്ധം വലിയ തോതില്‍ വഷളായിരുന്നു. ചാറ്റ്ജിപിടി നിര്‍മ്മാതാവ് ലൈസന്‍സിംഗ് കരാറുകളും വിശ്വാസവിരുദ്ധ നിയമങ്ങളും ലംഘിക്കുന്നുവെന്ന് അവകാശപ്പെട്ട് മസ്‌ക് ഓപ്പണ്‍എഐക്കും സാം ആള്‍ട്ട്മാനുമെതിരെ ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide