
ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കെതിരെ ചുമത്തിയ അധിക തീരുവ നാളെ നിലവിൽ വരാനിരിക്കെ, ലോക രാജ്യങ്ങൾക്കിടയിൽ ഒരു പുതിയ സാമ്പത്തിക ചേരി രൂപപ്പെടുമോ എന്ന ചർച്ചകൾ സജീവം. ഈ നീക്കം യുഎസിനെതിരായ പ്രതിരോധമായി റഷ്യ-ഇന്ത്യ-ചൈന (RIC) കൂട്ടായ്മക്ക് രൂപം നൽകുമോ എന്ന ചോദ്യമാണ് ഇപ്പോൾ അന്താരാഷ്ട്ര വേദികളിൽ ഉയരുന്നത്. ഈ വർഷം അവസാനം നടക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനവും, ഓഗസ്റ്റ് അവസാനത്തോടെ ഷാങ്ഹായ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതും ഈ ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.
പുതിയ സാമ്പത്തിക ശക്തികൾ
ഡോളറിനെ മാത്രം ആശ്രയിച്ചുള്ള ആഗോള സാമ്പത്തിക ക്രമം മാറ്റിയെഴുതാൻ ആർഐസി രാജ്യങ്ങൾ ശ്രമിക്കുമെന്ന് ചില അന്താരാഷ്ട്ര രാഷ്ട്രീയ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കു വഴങ്ങാതെ, ഈ മൂന്നു രാജ്യങ്ങളും ഒരുമിച്ച് നിന്നാൽ അത് യുഎസിന്‍റെ സാമ്പത്തിക മേധാവിത്വത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഈ രാജ്യങ്ങളുടെ സാമ്പത്തിക ശേഷി കണക്കാക്കുമ്പോൾ, അവയുടെ സംയുക്ത ജിഡിപി 53.9 ട്രില്യൻ ഡോളറാണ്. ഇത് ലോക സാമ്പത്തിക ഉൽപ്പാദനത്തിന്‍റെ മൂന്നിലൊന്നാണ്. കൂടാതെ, ആകെ കയറ്റുമതിയുടെ അഞ്ചിലൊന്നായ 5.09 ട്രില്യൻ ഡോളറിന്‍റെ വ്യാപാരവും ഈ രാജ്യങ്ങൾ ഒറ്റക്കെട്ടായി നടത്തുന്നു. ലോകത്തിലെ മൊത്തം വിദേശ നാണ്യ ശേഖരത്തിന്‍റെ 38 ശതമാനം (4.7 ട്രില്യൻ ഡോളർ) ഇവരുടെ കൈവശമാണ്. ലോകജനസംഖ്യയുടെ 37.8 ശതമാനം, അതായത് 310 കോടി ജനങ്ങൾ, ഈ രാജ്യങ്ങളിലുണ്ട്. ഈ വിപണി സാധ്യതകൾ ആർഐസി കൂട്ടായ്മയ്ക്ക് വലിയ കരുത്ത് നൽകും. പ്രതിരോധ മേഖലയിലും ഇവരുടെ ശക്തി ശ്രദ്ധേയമാണ്. ലോകത്തെ മൊത്തം പ്രതിരോധ ബജറ്റിന്റെ 20.2 ശതമാനം അഥവാ 549 ബില്യൻ ഡോളർ ഈ രാജ്യങ്ങൾ സൈനിക ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നു.