
ന്യൂയോർക്ക്: ലോകത്തെ സ്വാധീനശക്തിയുള്ള വ്യക്തികളുമായുള്ള ബന്ധം മൂലം കുപ്രസിദ്ധനായ അന്തരിച്ച ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റീന്‍റെ കേസ് ഫയലുകൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. പുറത്തുവന്ന ആയിരക്കണക്കിന് രേഖകളിൽ ഇന്ത്യയുടെ പുരാതന ചികിത്സാരീതിയായ ആയുർവേദത്തെക്കുറിച്ചും പ്രത്യേക ‘മസാജ്’ രീതികളെക്കുറിച്ചുമുള്ള പരാമർശങ്ങൾ ഉള്ളത് ശ്രദ്ധേയമായി.
പുറത്തുവിട്ട രേഖകളിലെ പ്രദർശന വസ്തുക്കളിലൊന്നിൽ ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനായി ആയുർവേദവും മസാജും ഉപയോഗിക്കുന്നതിനെക്കുറിച്ച് പരാമർശമുണ്ട്. “ഇന്ത്യയിൽ നിന്നുള്ള 5,000 വർഷം പഴക്കമുള്ള പ്രകൃതിദത്ത ചികിത്സാ രീതിയെ അടിസ്ഥാനമാക്കി പാശ്ചാത്യ രാജ്യങ്ങളിലെ പല വിദഗ്ധരും ഇപ്പോൾ മസാജുകളും മറ്റ് ചികിത്സകളും നൽകുന്നുണ്ട്,” എന്ന് ഫയലുകളിൽ പറയുന്നു. എള്ളെണ്ണ ഉപയോഗിച്ചുള്ള ശരീരശുദ്ധീകരണത്തെക്കുറിച്ച് പറയുന്ന ‘മസാജ് നൽകുന്ന കല’ എന്ന തലക്കെട്ടിലുള്ള ലേഖനങ്ങളും ഇതിലുണ്ട്.
ജെഫ്രി എപ്‌സ്റ്റീന്റെ ഉന്നതതല ബന്ധങ്ങൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ നടത്തിയ ശക്തമായ പ്രചാരണത്തിനൊടുവിലാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പുവെച്ചത്. ട്രംപും എപ്‌സ്റ്റീനും വർഷങ്ങളോളം സുഹൃത്തുക്കളായിരുന്നു എന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു.















