
വാഷിംഗ്ടണ്‍ : സ്റ്റുഡന്റ് വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പരിശോധിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇത് സംബന്ധിച്ച് കോണ്‍സുലാര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസകള്‍ക്കും എക്‌സ്‌ചേഞ്ച് വിസിറ്റര്‍ വിസകള്‍ക്കുമുള്ള എല്ലാ അപേക്ഷകരുടെയും സോഷ്യല്‍ മീഡിയകള്‍ കൂടുതല്‍ വിപുലമായ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ബുധനാഴ്ച പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നത്. യുഎസിനോടുള്ള ‘ശത്രുത’യുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയയിലുണ്ടെങ്കില്‍ പിന്നെ കാര്യങ്ങള്‍ ഒട്ടും എളുപ്പമാകില്ല.
‘നമ്മുടെ രാജ്യം സന്ദര്‍ശിക്കാന്‍ ശ്രമിക്കുന്ന ഓരോ വ്യക്തിയെയും ഞങ്ങള്‍ ശരിയായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും’ യുഎസിനെയും അതിന്റെ സര്‍വകലാശാലകളെയും സുരക്ഷിതമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അപേക്ഷകരോട് അവരുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ‘പബ്ലിക്’ എന്ന് സജ്ജീകരിക്കാന്‍ ആവശ്യപ്പെടും. അങ്ങനെ ചെയ്യാത്ത അപേക്ഷകര്‍ ഒഴിഞ്ഞുമാറുന്നതായി കാണക്കാക്കും. അപേക്ഷകള്‍ പരിശോധിക്കുന്ന യുഎസ് ഉദ്യോഗസ്ഥരോട് ‘പൗരന്മാര്‍, സംസ്‌കാരം, സര്‍ക്കാര്‍, സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ യുഎസിന്റെ സ്ഥാപക തത്വങ്ങള്‍ എന്നിവയോടുള്ള ശത്രുതയുടെ ഏതെങ്കിലും സൂചനകള്‍’ ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.