ചൈനീസ് സർക്കാരിനുവേണ്ടി ചാരപ്പണി; ‘സുഷി ജോൺ’ എന്നറിയപ്പെടുന്ന റെസ്റ്റോറന്റ് ഉടമ അറസ്റ്റിൽ, നാടുകടത്തുമെന്ന് റിപ്പോർട്ട്

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ റെസ്റ്റോറന്റ് ഉടമയായ ചൈനീസ് പൗരൻ മിങ് ഷി ഷാങ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ കസ്റ്റഡ‍ിയിൽ. 61 വയസ്സുള്ള ഈ ചൈനീസ് പൗരനെ നാടുകടത്താൻ സാധ്യതയുണ്ട്. ചൈനീസ് സർക്കാരിനുവേണ്ടി രജിസ്റ്റർ ചെയ്യാത്ത ഏജന്റായി പ്രവർത്തിച്ചതിന് ഇദ്ദേഹത്തെ നേരത്തെ ശിക്ഷിച്ചിട്ടുണ്ട്.
മോണ്ട്ഗോമറി ടൗൺഷിപ്പിൽ യാ യാ നൂഡിൽസിന്റെ ഉടമയും പ്രാദേശികമായി സുഷി ജോൺ എന്ന് അറിയപ്പെടുന്നയാളുമായ ഷാങ്ങിനെ മാർച്ച് 24 ന് ന്യൂവാർക്കിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2000 ജൂണിൽ ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളം വഴി അദ്ദേഹം നിയമപരമായി യുഎസിൽ പ്രവേശിച്ചു, എന്നാൽ പിന്നീട് താമസത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചതായി അധികൃതർ പറയുന്നു.

2021 ൽ, യുഎസ് അറ്റോർണി ജനറലിന്റെ ഓഫീസിൽ രജിസ്റ്റർ ചെയ്യാതെ ചൈനീസ് സർക്കാരിനുവേണ്ടി പ്രവർത്തിച്ചതിന് ഷാങ് കുറ്റസമ്മതം നടത്തി. ഇത് ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട് (FARA) ലംഘനമാണ്. 2016 ൽ ബഹാമാസിൽ വെച്ച് ഷാങ് രഹസ്യമായി ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കണ്ടുമുട്ടുകയും പിന്നീട് ന്യൂജേഴ്സിയിലെ ഒരു വ്യക്തിക്ക് 35,000 ഡോളർ കൈമാറുകയും ചെയ്തുവെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ പറയുന്നു. പ്രിൻസ്റ്റണിന് സമീപമുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് രണ്ട് വ്യത്യസ്ത അവസരങ്ങളിൽ ഒരു ചൈനീസ് ഏജന്റിന് അദ്ദേഹം ആതിഥ്യമരുളുകയും ചെയ്തുവെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട കോടതി രേഖകൾ ഇപ്പോഴും പുറത്ത് വിടാത്തതിനാല്‍ ഷാങ്ങിന്റെ ചില പ്രവർത്തനങ്ങൾ വ്യക്തമല്ല. 2021 ലെ കുറ്റസമ്മതത്തെത്തുടർന്ന് 150,000 ഡോളർ ബോണ്ടിൽ അദ്ദേഹത്തെ വിട്ടയച്ചിരുന്നു, യുഎസിൽ നിന്ന് നാടുകടത്തപ്പെടാമെന്ന വ്യവസ്ഥയോടെയായിരുന്നു ഇത്.

More Stories from this section

family-dental
witywide