
വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീന്‍റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ നിന്ന് കൂടുതൽ ഫോട്ടോകൾ പുറത്തുവിട്ടു. ഡോണൾഡ് ട്രംപ്, ബിൽ ക്ലിന്റൺ, സ്റ്റീവ് ബാനൻ, ബിൽ ഗേറ്റ്സ്, റിച്ചാർഡ് ബ്രാൻസൺ, വൂഡി അലൻ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളാണ് വെള്ളിയാഴ്ച പുറത്തുവന്നത്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങളാണ് ആകെ 19 ചിത്രങ്ങൾ റിലീസ് ചെയ്തത്. അവയിൽ ചിലത് നേരത്തേ തന്നെ പൊതുസഞ്ചയത്തിലുണ്ടായിരുന്നവയുമാണ്. എന്നാൽ ഈ ഫോട്ടോകൾ എപ്പോൾ എടുത്തതാണെന്നോ ആരാണ് പകർത്തിയതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
ഈ നീക്കം ചില പ്രത്യേക വ്യക്തികളെ ലക്ഷ്യമിട്ടുള്ള ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ ആക്രമണമാണെന്നും പ്രത്യേകിച്ച് ട്രംപിനെതിരെ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നുമാണ് കമ്മിറ്റിയിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ ആരോപിക്കുന്നത്. പുറത്തുവന്ന ചിത്രങ്ങളിൽ ബിൽ ഗേറ്റ്സിന്റെ രണ്ടെണ്ണവും ട്രംപിന്റെ മൂന്നെണ്ണവും ഉൾപ്പെടുന്നു. ട്രംപിന്റെ ചിത്രങ്ങളിൽ ഏതാനും യുവതികൾക്കൊപ്പമുള്ളതും എപ്സ്റ്റീന്റെ സാന്നിധ്യത്തിൽ ഒരു സ്ത്രീയോട് സംസാരിക്കുന്നതുമടക്കമുള്ളവയുണ്ട്.
എപ്സ്റ്റീനുമായി ട്രംപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം നേരത്തേയുണ്ട്. എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എപ്സ്റ്റീൻ അറസ്റ്റ് ചെയ്യപ്പെടുന്നതിന് വളരെ മുമ്പ് തന്നെ തങ്ങൾ തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചിരുന്നുവെന്നുമാണ് ട്രംപ് നിലപാട്. എന്നിരുന്നാലും ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷം ട്രംപിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നുണ്ട്. അതേസമയം, എപ്സ്റ്റീൻ കേസിലെ എല്ലാ രേഖകളും പൂർണമായി പുറത്തുവിടണമെന്നാവശ്യപ്പെടുന്ന ബില്ലിൽ ട്രംപ് ഒപ്പുവെച്ചിട്ടുണ്ട്, എല്ലാ ഫയലുകളും പൊതുസഞ്ചയത്തിലെത്തിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.














