
വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രണ്ടാം ഭരണത്തോട് ശക്തമായ വിയോജിപ്പുള്ള അമേരിക്കക്കാരുടെ എണ്ണം, ശക്തമായ പിന്തുണയുള്ളവരുടെ ഇരട്ടിയാണെന്ന് സർവേ. ഓഗസ്റ്റ് 15 മുതൽ 18 വരെ YouGov, The Economist എന്നിവ സംയുക്തമായി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. ട്രംപിനെക്കുറിച്ച് ശക്തമായ അഭിപ്രായമുള്ളവരാണ് മൂന്നിൽ രണ്ട് ഭാഗം ആളുകളും. അതിൽ കൂടുതലും പ്രതികൂല അഭിപ്രായങ്ങളാണ്. സർവേയിൽ പങ്കെടുത്തവരിൽ 47 ശതമാനം പേർ ട്രംപിന്റെ ഭരണത്തോട് ശക്തമായി വിയോജിക്കുന്നു.
അതേസമയം 23 ശതമാനം പേർ മാത്രമാണ് ശക്തമായ പിന്തുണ രേഖപ്പെടുത്തിയത്. ഏകദേശം 70 ശതമാനം അമേരിക്കക്കാർ ട്രംപിന്റെ പ്രകടനത്തെ ശക്തമായി പിന്തുണയ്ക്കുകയോ അല്ലെങ്കിൽ ശക്തമായി വിയോജിക്കുകയോ ചെയ്യുന്നവരാണ്. 27 ശതമാനം പേർക്ക് മാത്രമാണ് അദ്ദേഹത്തെക്കുറിച്ച് വ്യക്തമല്ലാത്ത അഭിപ്രായമാണുള്ളത്.
രാഷ്ട്രീയപരമായ നിലപാടുകൾ അനുസരിച്ച് നോക്കിയാൽ, മിക്ക ഡെമോക്രാറ്റുകളും ട്രംപിന്റെ ഭരണത്തെ എതിർക്കുന്നു, അതേസമയം മിക്ക റിപ്പബ്ലിക്കൻമാരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. ജനുവരിയിൽ ട്രംപ് രണ്ടാം തവണ അധികാരമേറ്റത് മുതൽ നടത്തിയ സർവേകളിലെല്ലാം ഈ പ്രവണത തുടർച്ചയായി കണ്ടുവരികയാണ്. ഡെമോക്രാറ്റുകളുടെ വികാരം റിപ്പബ്ലിക്കൻമാരേക്കാൾ ശക്തമാണെന്ന് YouGov/Economist സർവേ കണ്ടെത്തി. 83 ശതമാനം ഡെമോക്രാറ്റുകളും അദ്ദേഹത്തോട് ശക്തമായി വിയോജിക്കുന്നു. എന്നാൽ, റിപ്പബ്ലിക്കൻ പിന്തുണക്കാരിൽ പകുതിയിലധികം പേർ (54 ശതമാനം) മാത്രമാണ് അദ്ദേഹത്തിന്റെ പ്രകടനത്തെ ശക്തമായി പിന്തുണയ്ക്കുന്നത്.