
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലുണ്ടായ വെടിവെയ്പ്പിൽ 5 മരണം സ്ഥിരീകരിച്ചു. 345 പാർക്ക് അവന്യുവിലെ കെട്ടിടത്തിലാണ് തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിൽ ഒരു പൊലീസ് ഓഫീസർക്കും മറ്റു നാലു പൗരന്മാര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍റെ പിന്നിലാണ് വെടിയേറ്റത്.
ന്യൂയോര്‍ക്ക് ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് കൂടുതൽ പൊലീസുകാര്‍ എത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിന്ന് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. നിലവിൽ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. അക്രമി തോക്കുമായി കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു.
മാന്‍ഹട്ടനിലെ ഒരു ബഹുനില കെട്ടിടത്തിലാണ് സംഭവം. ഇവിടെ രാജ്യത്തെ ചില മുന്‍നിര ധനകാര്യ സ്ഥാപനങ്ങളും നാഷണല്‍ ഫുട്‌ബോള്‍ ലീഗും സ്ഥിതി ചെയ്യുന്നുണ്ട്. മാത്രമല്ല, ബ്ലാക്ക്സ്റ്റോണിന്റെയും അയര്‍ലണ്ടിലെ കോണ്‍സുലേറ്റ് ജനറലിന്റെയും ഓഫീസുകളും ഈ കെട്ടിടത്തിലുണ്ട്.
ഒരാളാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരെക്കുറിച്ചോ, അക്രമിയെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കെട്ടിടത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മേയര്‍ എറിക് ആഡംസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പ്രദേശത്തുള്ളവര്‍ വീടിനുള്ളില്‍ തന്നെ തുടരാനും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.