
ന്യൂയോര്‍ക്ക് : ബ്രൂക്ലിനിലെ ഒരു ജൂത സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ന്യൂയോര്‍ക്കിലെ നിയുക്ത മേയര്‍ സൊഹ്റാന്‍ മംദാനി. ഡെമോക്രാറ്റ് പാര്‍ട്ടി ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് ബ്രൂക്ലിനിലെ ജൂത സ്‌കൂളിന്റെ ചുമരുകളില്‍ സ്വസ്തിക (ഹൈന്ദവ മതപരമായ ചിഹ്നം) ചിഹ്നം പ്രത്യക്ഷപ്പെട്ടത്.
സംഭവത്തെ ‘വെറുപ്പുളവാക്കുന്നതും ഹൃദയഭേദകവുമാണ്’ എന്നായിരുന്നു മംദാനി വിശേഷിപ്പിച്ചത്. മാത്രമല്ല, അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തില്‍ യഹൂദവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
ഗ്രേവ്‌സെന്റിലെ അവന്യൂ എസ്സിനടുത്തുള്ള മക്‌ഡൊണാള്‍ഡ് അവന്യൂവിലെ മാഗന്‍ ഡേവിഡ് യെസിവയുടെ തൂണുകളിലും ജനാലകളിലുമാണ് ചുവപ്പ് നിറത്തില്‍ ഹൈന്ദവ മതചിഹ്നം വരച്ചത്.
‘ഇത് വെറുപ്പുളവാക്കുന്നതും ഹൃദയഭേദകവുമായ ഒരു യഹൂദവിരുദ്ധ പ്രവൃത്തിയാണ്, നമ്മുടെ മനോഹരമായ നഗരത്തില്‍ ഇതിന് സ്ഥാനമില്ല. മേയര്‍ എന്ന നിലയില്‍, നമ്മുടെ നഗരത്തില്‍ നിന്ന് യഹൂദവിരുദ്ധതയുടെ വിപത്തിനെ പിഴുതെറിയാന്‍ ഞാന്‍ എപ്പോഴും ഉറച്ചുനില്‍ക്കും’- മംദാനി എക്സില്‍ എഴുതി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രായേലിന് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ജൂത സമൂഹം ന്യൂയോര്‍ക്ക് നഗരത്തിലാണ് വസിക്കുന്നത്. ‘സ്വസ്തിക’ ചിഹ്നങ്ങള്‍ സ്‌കൂള്‍ ജീവനക്കാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇത് ചെയ്തയാളെ ഇനിയും കണ്ടെത്തിയിട്ടില്ല.
New York Mayor-elect Zohran Mamdani condemns attack on Jewish school in Brooklyn









