ന്യൂയോര്‍ക്കിൽ മേയർ തെരെഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കവേ സൊഹ്റാന്‍ മംദാനി കൈകൊണ്ട് ബിരിയാണി കഴിക്കുന്ന വീഡിയോയും തെരെഞ്ഞെടുപ്പ് ആയുധമാക്കി റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥിയും അംഗങ്ങളും. ഇന്ത്യൻ വംശജനായ സൊഹ്റാന്‍ മംദാനി വിരലുകൾ കൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോ യാദൃശ്ചികമായാണ് പോസ്റ്റ് ചെയ്തത്. എന്നാൽ ഈ വീഡിയോക്കെതിരെ വളരെ പെട്ടെന്നാണ് ശക്തമായ പ്രതിഷേധങ്ങളും പരിഹാസങ്ങളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പ് ആയുധമായി വന്നിരിക്കുന്നത് . ഇതോടെ കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നത് ഒരു രാഷ്ട്രീയ വിഷയമായി മാറി.
കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, എത്യോപ്യ, മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ പോലും സർവ്വ സാധാരണമാണ്. പിസ്സ, ബർഗറുകൾ, വറുത്ത ചിക്കൻ, ഫ്രൈസ് തുടങ്ങിയവയെല്ലാം കൈ കൊണ്ട് കഴിക്കുകയും ചോദ്യം ചെയ്യപ്പെടാത്തതുമാണ്. ചീസ്ബർഗർ കഴിക്കുന്ന ഒരാളോട് ആരും “മൂന്നാം ലോകത്തേക്ക് മടങ്ങുക” എന്ന് പറയുന്നില്ല. എന്നാൽ ഒരു മനുഷ്യൻ കൈകൊണ്ട് അരി കഴിക്കുമ്പോൾ എത്ര പെട്ടെന്നാണ് നാഗരികതയ്ക്ക് ഭീഷണിയാകുന്നതെന്നും പറഞ്ഞ് വീഡിയോയെ അനുകൂലിക്കുന്നവരും നിരവധി പേരാണ്.
സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി വീഡിയോ മേയര്‍ തെരഞ്ഞെടുപ്പിൽ റിപ്പബ്ലികൻ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുമോ അതോ മംദാനിയ്ക്ക് അനുകൂലമാകുമോ എന്ന കാത്തിരിപ്പിലാണ് ന്യൂയോർക്ക്. നവംബറിലാണ് മേയർ തെരഞ്ഞെടുപ്പ് നടക്കുക. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രകാരി മീരാ നായരുടെ മകനാണ് 33കാരനായ സൊഹ്‌റാന്‍ മംദാനി. നവംബര്‍ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന നേട്ടവും മംദാനിയുടെ പേരിലാകും.














