ന്യൂയോർക്ക് സിറ്റിയുടെ നിയുക്ത മേയർ സൊഹ്‌റാൻ മംദാനിയുടെ സോഷ്യലിസ്റ്റ് നയങ്ങൾ നഗരത്തെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് റിയൽ എസ്റ്റേറ്റ് കോടീശ്വരനും സ്റ്റാർവുഡ് ക്യാപിറ്റൽ ഗ്രൂപ്പ് സിഇഒയുമായ ബാരി സ്റ്റേണ്‍ലിക്റ്റ് മുന്നറിയിപ്പ് നൽകി. തൻ്റെ ടീമിനെ ‘ബിഗ് ആപ്പിളി’ൽ നിന്ന് മാറ്റുന്നത് പരിഗണിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ന്യൂയോർക്കിലെ ട്രേഡ് യൂണിയനുകളാണ് അനിയന്ത്രിത വികസനത്തിനും ഉയർന്ന റിയൽ എസ്റ്റേറ്റ് ചെലവുകൾക്കും കാരണമെന്ന് കുറ്റപ്പെടുത്തിയ സ്റ്റേണ്‍ലിക്റ്റ്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഭരണത്തിൽ ഇത് കൂടുതൽ വഷളാകുമെന്ന് ചൂണ്ടിക്കാട്ടി.
മംദാനിയുടെ ഭവന നയം തീവ്ര ഇടതുപക്ഷ ഭ്രാന്താണെന്ന് സ്റ്റേണ്‍ലിക്റ്റ് വിമർശിച്ചു. വാടകക്കാർ പണം നൽകേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചാൽ ഒരാൾ തുടങ്ങിയാൽ മറ്റുള്ളവരും അനുധാവനം ചെയ്യുമെന്നും ഇത് ന്യൂയോർക്കിനെ മുംബൈയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയനുകളുമായി ധാരണയിലെത്താൻ മറ്റ് ഡെവലപ്പർമാർ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടു. ബ്ലൂ സ്റ്റേറ്റുകളുടെ ഉയർന്ന ചെലവിനുംഹം പുതിയ ഭവന നിർമാണം ബുദ്ധിമുട്ടാക്കുന്നതിന് യൂണിയനുകളാണ് പ്രധാന കാരണമെന്ന് സിഎൻബിസിയോട് അദ്ദേഹം ആവർത്തിച്ചു.
ഭവന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ സബ്‌സിഡികളും യൂണിയനുകളുടെ വിട്ടുവീഴ്ചകളും അനിവാര്യമാണെന്ന് സ്റ്റേണ്‍ലിക്റ്റ് നിർദേശിച്ചു. ഇല്ലെങ്കിൽ സാമ്പത്തികമായി ലാഭകരമായ നിർമാണം അസാധ്യമാകും. മംദാനി പ്രധാന പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും വിമർശിച്ചു. സ്റ്റാർവുഡിന് ന്യൂയോർക്കിൽ വാണിജ്യ-താമസ ആസ്തികളും സംയുക്ത സംരംഭങ്ങളുമുണ്ട്.
പോലീസ് ഫണ്ട് വെട്ടിക്കുറയ്ക്കൽ ആഹ്വാനം നടപ്പാക്കിയാൽ പൊതുസുരക്ഷ ഇല്ലാതാകുമെന്ന് സ്റ്റേണ്‍ലിക്റ്റ് മുന്നറിയിപ്പേകി. കുട്ടികൾ സുരക്ഷിതരല്ലെന്ന് തോന്നിയാൽ ജനങ്ങൾ നഗരം വിടുമെന്നും അദ്ദേഹം പറഞ്ഞു. മിഡ്ടൗൺ മൻഹാറ്റനിലെ ഓഫീസ് മാറ്റുന്നത് പരിഗണിക്കുന്നതായി വെളിപ്പെടുത്തി.
സോഷ്യലിസം ഭൂമിയിൽ ഒരിടത്തും വിജയിച്ചിട്ടില്ലെന്ന് സ്റ്റേണ്‍ലിക്റ്റ് ഓർമിപ്പിച്ചു. മംദാനിക്ക് വോട്ട് ചെയ്തവർ ഇത് മനസിലാക്കിയിട്ടില്ലായിരിക്കാമെന്നും ചരിത്രത്തിൽ നിന്ന് പാഠം പഠിക്കുമോ എന്ന് സംശയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മംദാനി വാടക മരവിപ്പിക്കൽ, സൗജന്യ ബസ്, ശിശുപരിപാലനം തുടങ്ങിയ വാഗ്ദാനങ്ങൾ ഉടൻ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.















