
വാഷിംഗ്ടൺ: ഇന്ത്യക്കാരുൾപ്പെടെയുള്ള കുടിയേറ്റക്കാരെ, കാനഡയിൽ നിന്നും അമേരിക്കയിലേക്ക് കടത്തിയ കേസിൽ ന്യൂയോർക്കിൽ നിന്നുള്ള സ്ത്രീക്കെതിരെ കേസെടുത്തു. പ്ലാറ്റ്സ്ബർഗിൽ നിന്നുള്ള 42 കാരിയായ സ്റ്റേസി ടെയ്‌ലറിനെതിരെയാണ് പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയത്. ഒക്ടോബർ 2 ന് ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കിയിരുന്നു.
ജനുവരിയിൽ ന്യൂയോർക്കിലെ ചുരുബസ്കോയ്ക്ക് സമീപം യുഎസ് ബോർഡർ പട്രോൾ ഏജന്റുമാർ ടെയ്‌ലറുടെ വാഹനം തടഞ്ഞ് പരിശോധന നടത്തവെയാണ് പിടിവീണത്. കൊടുംതണുപ്പുകൊണ്ട് വലഞ്ഞ അവസ്ഥയിൽ നിയമവിരുദ്ധമായി അതിർത്തി കടന്ന നാല് പുരുഷന്മാരെ വാഹനത്തിൽ കണ്ട ഉദ്യോഗസ്ഥർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മനുഷ്യക്കടത്താണെന്ന് കണ്ടെത്തിയത്. സ്ത്രീയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന പുരുഷന്മാരിൽ മൂന്ന് പേർ ഇന്ത്യൻ പൗരന്മാരും ഒരാൾ കനേഡിയനുമായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ ടെയ്‌ലറുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, അറസ്റ്റിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇത്തരത്തിലുള്ള നിരവധി യാത്രകളിൽ ഇവർ ഭാഗമായെന്നും കണ്ടെത്തി. വിദേശ പൌരന്മാരെ അനധികൃതമായി രാജ്യത്ത് എത്തിച്ചതടക്കം നാല് കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. നീതിന്യായ വകുപ്പിന്റെ കണക്കനുസരിച്ച്, ഓരോ കുറ്റത്തിനും കുറഞ്ഞത് അഞ്ച് വർഷം തടവ് ശിക്ഷയും ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് അധിക ശിക്ഷയും ലഭിക്കാം.
New York woman charged with smuggling Indian nationals from Canada to US; could face up to 20 years in prison.














