
ന്യൂയോര്‍ക്ക്: ചിക്കന്‍ റാപ്പില്‍ മനുഷ്യന്റെ വിരല്‍ത്തുമ്പിന്റെ ഭാഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ന്യൂയോര്‍ക്കില്‍ നിന്നുള്ള യുവതി. സംഭവം തന്നെ മാനസികമായി വല്ലാതെ തളര്‍ത്തിയെന്നും 43 കാരിയായ മേരി എലിസബത്ത് സ്മിത്ത് പറഞ്ഞു. ഭക്ഷണം വാങ്ങിയ റസ്റ്റോറന്റിനെതിരെ കേസ് നല്‍കിയിരിക്കുകയാണ് ഇവര്‍. 2023 നവംബര്‍ 17 നാണ് സംഭവം നടന്നത്.
ക്വീന്‍സിലെ മെഡിറ്ററേനിയന്‍ ഭക്ഷണശാലയായ ക്രിയേറ്റ് ആസ്റ്റോറിയയില്‍ നിന്നാണ് ഇവര്‍ ഒരു ചിക്കന്‍ റാപ്പ് വാങ്ങിയത്. ഇത് കഴിച്ചു തുടങ്ങിയപ്പോള്‍ ഭക്ഷണത്തില്‍ നിന്നും വായില്‍പ്പെടുകയായിരുന്നു മനുഷ്യന്റെ വിരലിന്റെ ഒരു ഭാഗമെന്നും ഇവരുടെ അഭിഭാഷകന്‍ പറഞ്ഞു. സംഭവം നടന്നിട്ട് കുറച്ചായെങ്കിലും ഇത് നല്‍കിയ മാനസിക ബുദ്ധിമുട്ട് എലിസബത്തിനെ ഇപ്പോഴും വേട്ടയാടുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. തന്റെ ഓഫീസ് ഇത് പരിശോധനയ്ക്കായി നല്‍കിയെന്നും അത് ഒരു സ്ത്രീയുടെ മനുഷ്യ ശരീര ഭാഗമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോര്‍കോറനിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റായ യുവതി രോഗസാധ്യതയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായി തീവ്രമായ ആന്റി റിട്രോവൈറല്‍ തെറാപ്പിക്ക് വിധേയയാകേണ്ടി വന്നതായി ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ സംഭവത്തോടെ ചിക്കനോട് വല്ലാത്ത വെറുപ്പായിരുന്നുവെന്നും വീണ്ടും ചിക്കന്‍ കഴിക്കാനുള്ള ധൈര്യം വളര്‍ത്തിയെടുക്കാന്‍ എനിക്ക് വളരെ സമയമെടുത്തുവെന്നും അവര്‍ നീറുന്ന അനുഭവം പങ്കുവെച്ചു.