
തിരുവനന്തപുരം: ദുരൂഹ സമാധി കേസില്‍ നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി നാളെ പരിശോധന നടത്താൻ തീരുമാനം. ഉച്ചക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ആവശ്യമെങ്കിൽ ബലം പ്രയോഗിക്കാനും ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ പോലീസിനെ വിന്യസിക്കാനും ബാരിക്കേഡ് വെച്ച് ആളുകളെ തടയാനും തീരുമാനമുണ്ട്.
കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് കല്ലറ പൊളിച്ചുള്ള പരിശോധന നാളെ നടത്താൻ തീരുമാനിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കിയിരുന്നു. ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.
ഭര്‍ത്താവ് മരിച്ചെന്ന് ഭാര്യ സുലോചന അറിയിച്ചപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണമല്ല, സമാധി ആണെന്നായിരുന്നു കുടുംബത്തിന്റെ മറുപടി. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇത് അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുകേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതില്‍ ഇടപെടാന്‍ കോടതിയ്ക്ക് ആകില്ല. പൊതുസമൂഹത്തില്‍ നിന്ന് ഒരാളെ കാണാതായാല്‍ അയാള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. അതാണ് അവര്‍ ചെയ്യുന്നതെന്നും അത് സ്വാഭാവികനടപടി ക്രമങ്ങളാണെന്നും കോടതി പറഞ്ഞിരുന്നു.