
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ദുരൂഹസമാധിയില്‍ നിര്‍ണായക നീക്കം. വിവാദ കല്ലറ തുറന്നു. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കല്ലറയിൽ ഭസ്മവും പൂജാദ്രവ്യങ്ങളുമുണ്ട്. കല്ലറയ്ക്കുള്ളിൽ മൃതദേഹത്തിൻ്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു.
ഇന്നു പുലര്‍ച്ചെതന്നെ വന്‍ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയിരുന്നു. 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.
ജില്ലാ ഭരണകൂടം കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. കല്ലറയിലേക്കുള്ള വഴി അടച്ചിരിക്കുകയാണ് ഇതോടെ ഇവിടേക്ക് പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകില്ല. ആര്‍ഡിഒ എത്തിയതിനു പിന്നാലെ കല്ലറ പൊളിച്ച് വിശദമായ പരിശോധന നടത്തും. ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആണെന്ന് കോടതിക്ക് നിഗമനത്തില്‍ എത്തേണ്ടിവരുമെന്നും മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ മരണമല്ല, സമാധിയാണെന്നാണ് കുടുംബത്തിന്റെ വാദം.










