ഗോപന്‍ സ്വാമിയുടെ മരണം അസ്വാഭാവികമല്ലെന്ന് പ്രാഥമിക നിഗമനം; ഉറപ്പിക്കുക ആന്തരിക അവയവ പരിശോധനയ്ക്ക് ശേഷം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന, ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്ന് ഫോറന്‍സിക് സംഘം. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഫോറന്‍സിക് സംഘം വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കായി ആന്തരികഅവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൂര്‍ത്തിയായി.

ഇന്ന് രാവിലെ ഏഴുമണിയോടെ സബ് കലക്ടറുടെ സാന്നിധ്യത്തിലാണ് ഗോപന്‍ സ്വാമിയെ സമാധിയിരുത്തിയ കല്ലറ തുറന്നത്. കല്ലറ തുറക്കുമ്പോള്‍ നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ ഇന്‍ക്വിസ്റ്റ് നടപടികളിലും പോസ്റ്റ് മോര്‍ട്ടത്തിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രം മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയില്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കി. അതിന് ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തണം. ഇതിന് ശേഷം മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്.

വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണോ?, ശ്വാസകോശത്തില്‍ എന്തെങ്കിലും നിറഞ്ഞിട്ടാണോ മരണം സംഭവിച്ചത്?, ശ്വാസംമുട്ടിയിട്ടാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ മരണം നടന്ന സമയം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. മരണം നടന്ന സമയം സംബന്ധിച്ച് ബന്ധുക്കള്‍ പറയുന്ന സമയം ഉണ്ട്. ഗോപന്‍ സ്വാമിയുടെ ബന്ധുക്കള്‍ പറയുന്ന സമയവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് അറിയാന്‍ രാസപരിശോധനാഫലം വരേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. നാളെ വീട്ടുവളപ്പിലാണ് സംസ്‌കരിക്കുക. മൃതദേഹം ഇന്ന് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.

Also Read

More Stories from this section

family-dental
witywide