ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപങ്ങളുമായി നിക്ക് ഫ്യൂൻ്റസ്, ‘കൈകൊണ്ട് ചോറ് കഴിക്കുന്നവർ, ഹിന്ദി സംസാരിക്കുന്നവർ വീട്ടിലേക്ക് മടങ്ങിപ്പോകൂ’, വിവാദം

വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെ തീവ്ര വലതുപക്ഷ പ്രവർത്തകനായ നിക്ക് ഫ്യൂൻ്റസ് ചൊരിഞ്ഞ അധിക്ഷേപ പരാമർശങ്ങൾ വിവാദമായി. വംശീയതയ്ക്കും ലൈംഗികതയ്ക്കും എതിരായ അധിക്ഷേപങ്ങൾക്ക് പേരുകേട്ട അമേരിക്കൻ ദേശീയവാദിയായ ഫ്യൂൻ്റസ് വളരെക്കാലമായി ഇന്ത്യയെ അധിക്ഷേപിച്ച് സംസാരിക്കുന്ന വ്യക്തിയാണ്. അദ്ദേഹം തന്റെ പോഡ്‌കാസ്റ്റുകളിൽ നിരവധി തവണ ഇന്ത്യാ വിരുദ്ധ അധിക്ഷേപങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പ്രത്യേകിച്ച് യുഎസ് വൈസ് പ്രസിഡന്റിന്റെ ജെഡി വാൻസിന്റെ ഭാര്യ ഉഷ വാൻസിനെയും വിവേക് ​​രാമസ്വാമിയെയും ലക്ഷ്യം വെച്ചും സംസാരിക്കാറുണ്ട്.

ഇന്ത്യക്കാരുടെ ഭക്ഷണരീതിയെയും സംസ്കാരത്തെയും പരിഹസിച്ച അദ്ദേഹം, അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജർ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യക്കാർ കൈകൊണ്ട് ചോറുകഴിക്കുന്നവരാണെന്നും ഹിന്ദി സംസാരിക്കുന്നവരാണെന്നും തിരികെ പോകണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് നിക്ക് ഫ്യൂൻ്റസ് ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെ രംഗത്തെത്തിയത്. ടെക്സസ്, മിനിയാപൊളിസ്, സിയാറ്റിൽ എന്നിവിടങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങളില്ലെന്നും അവിടെയെല്ലാം ഇന്ത്യക്കാരും സൊമാലിയക്കാരും ഏഷ്യക്കാരും നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം തൻ്റെ പോഡ്‌കാസ്റ്റിൽ പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ഒരു തത്സമയ സ്ട്രീമിംഗിനിടെയാണ് നിക്ക് ഫ്യൂൻ്റസ് ഇന്ത്യക്കാരെയും ഇന്ത്യൻ വംശജരെയും ലക്ഷ്യമിട്ട് വംശീയ പരാമർശങ്ങൾ നടത്തിയത്. “ക്രിസ്മസ് ഇല്ലാത്ത അമേരിക്കയെക്കുറിച്ച് ചിന്തിച്ചു നോക്കൂ. അധികം വൈകാതെ നമ്മുടെ രാജ്യം ക്രിസ്മസ് ആഘോഷിക്കാത്ത ആളുകളാൽ നിറയും. അവർ ക്രിസ്ത്യാനികളായിരിക്കില്ല, ഇംഗ്ലീഷ് സംസാരിക്കില്ല, ബേസ്ബോൾ കളിക്കില്ല, ഹോട്ട് ഡോഗ് കഴിക്കില്ല, ആപ്പിൾ പൈ കഴിക്കില്ല. അതുകൊണ്ട്, ഒരു 50 വർഷം കഴിഞ്ഞ് ഡിസംബർ 25ന് ക്രിസ്മസ് ട്രീകളൊന്നും കാണാനില്ലെന്ന് സങ്കൽപ്പിക്കുക. ഡാളസിലോ ഫ്രിസ്കോയിലോ ക്രിസ്മസ് ഉണ്ടാകില്ല, കാരണം അവിടെയെല്ലാം ഇന്ത്യക്കാരായിരിക്കും. മിനിയാപൊളിസിൽ ഈ വർഷം ക്രിസ്മസ് ഉണ്ടാകില്ല, കാരണം അവിടെയെല്ലാം സൊമാലിയക്കാർ ആയിരിക്കും. സിയാറ്റിലിൽ ഇനി ക്രിസ്മസ് ഉണ്ടാകില്ല, കാരണം അവിടെയെല്ലാം ഏഷ്യക്കാർ ആയിരിക്കും”- ഫ്യൂൻ്റസ് തൻ്റെ പോഡ്കാസ്റ്റിൽ പറഞ്ഞു.

എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ഇന്ത്യൻ വംശജരും അല്ലാത്തവരുമായ നിരവധി പേർ ഫ്യൂണ്ടസിനെതിരെ രംഗത്തെത്തി. ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ വംശീയ വിദ്വേഷം വളർത്താൻ മാത്രമേ സഹായിക്കൂ എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ സംസ്കാരത്തോടുള്ള അദ്ദേഹത്തിൻ്റെ അജ്ഞതയും വംശീയ വിദ്വേഷവുമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നത് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിക്കുന്നു.

ആരാണ് നിക്ക് ഫ്യൂൻ്റസ്?

അമേരിക്കയിലെ ഒരു തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനും വൈറ്റ് സുപ്രമസിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നയാളുമാണ് നിക്ക് ഫ്യൂൻ്റസ്. മുമ്പും ജൂതവിരുദ്ധവും വംശീയവുമായ നിരവധി പരാമർശങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. 1998-ൽ ജനിച്ച ഇദ്ദേഹം, തന്റെ തീവ്രമായ വംശീയവും വിദ്വേഷം നിറഞ്ഞതുമായ ആശയങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇദ്ദേഹം അമേരിക്കയിലെ ‘അമേരിക്ക ഫസ്റ്റ്’ (America First) എന്ന മൂവ്‌മെന്റിന്റെ ഭാഗമാണ്. വെള്ളക്കാരുടെ വംശീയ മേധാവിത്വത്തെക്കുറിച്ചും ക്രിസ്ത്യൻ നാഷണലിസത്തെക്കുറിച്ചുമുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവനകൾ പലപ്പോഴും വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്.

Nick Fuentes makes racist slurs against Indians,

More Stories from this section

family-dental
witywide