
വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ എച്ച് 1ബി വിസകൾ പൂർണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ യുഎസ് അംബാസഡർ നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി. അമേരിക്കൻ വിസ സ്റ്റാമ്പിംഗിലെ കാലതാമസം കാരണം നൂറുകണക്കിന് ഇന്ത്യക്കാർ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് നളിന്റെ വിവാദ പ്രസ്താവന. സോഷ്യൽ മീഡിയയിലൂടെയാണ് നളിൻ ഹേലി തന്റെ നിലപാട് വ്യക്തമാക്കിയത്.
“വിസ വൈകിക്കുന്നത് നല്ലതാണ്, പക്ഷേ അത് മാത്രം പോരാ. എച്ച്-1ബി വിസകൾ പൂർണ്ണമായും നിരോധിക്കുകയാണ് വേണ്ടത്,” നളിൻ കുറിച്ചു. വിസ വൈകുന്നത് കാരണം സ്വന്തം നാട്ടിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ പരിഹസിച്ച അദ്ദേഹം, “സ്വന്തം രാജ്യത്ത് ഒരാൾ എങ്ങനെയാണ് കുടുങ്ങിപ്പോകുന്നത്?” എന്നും ചോദിച്ചു. വിസ വൈകുന്നതിനെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് പരാതിപ്പെട്ടതിനെയും നളിൻ വിമർശിച്ചു. ഇന്ത്യയുടെ ഈ നീക്കം സാമ്പത്തിക താല്പര്യം മുൻനിർത്തിയാണെന്നും പ്രവാസികൾ അയക്കുന്ന പണം നഷ്ടപ്പെടുമെന്ന പേടിയാണ് ഇന്ത്യക്കെന്നും അദ്ദേഹം ആരോപിച്ചു.
ട്രംപ് ഭരണകൂടത്തിന് കീഴിൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വിസ നടപടികളിൽ വലിയ കാലതാമസം നേരിടുന്നുണ്ട്. ഇത് പല ഐ.ടി പ്രൊഫഷണലുകളുടെയും ജോലിയെ ബാധിച്ചിരിക്കുകയാണ്. മുൻ സൗത്ത് കരോലിന ഗവർണറും യുഎന്നിലെ അമേരിക്കൻ അംബാസഡറുമായിരുന്ന നിക്കി ഹേലിയുടെ മകനാണ് നളിൻ. ട്രംപ് ഭരണകൂടത്തിലെ പ്രധാന കുടിയേറ്റ വിരുദ്ധ ശബ്‍ദങ്ങളിലൊന്നായി ഇദ്ദേഹം മാറിക്കൊണ്ടിരിക്കുകയാണ്. എച്ച്-1ബി വിസകൾ അമേരിക്കൻ തൊഴിലാളികളുടെ അവസരം നഷ്ടപ്പെടുത്തുന്നു എന്ന തീവ്ര വലതുപക്ഷ നിലപാടാണ് നളിൻ ഉയർത്തിപ്പിടിക്കുന്നത്. ഇന്ത്യൻ വംശജയായ നിക്കി ഹേലിയുടെ മകൻ തന്നെ ഇന്ത്യക്കാർക്കെതിരെ രംഗത്തുവന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.














