യെമൻ സർക്കാരുമായും കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചർച്ച നടത്തി കാന്തപുരം, നിമിഷ പ്രിയയുടെ രക്ഷക്കായി അവസാനശ്രമങ്ങൾ തുടരുന്നു

കൊച്ചി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയെ രക്ഷിക്കാൻ അവസാനശ്രമങ്ങൾ തുടരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16 ന് നടപ്പാക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പ്രമുഖ മുസ്‌ലിം പണ്ഡിതനായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ യെമൻ ഗവൺമെന്റുമായി ചർച്ചകൾ നടത്തി. യമനിലെ ഒരു മത പുരോഹിതനുമായി ബന്ധപ്പെട്ടാണ് കാന്തപുരം ഇടപെടൽ നടത്തുന്നത്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായും കാന്തപുരം സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സെയ്ദ് ഉമർ ഹഫീസ് എന്ന യമൻ സുന്നി പണ്ഡിതൻ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാൻ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം ഒരുക്കിയത്. എന്നാൽ ചർച്ചയിൽ കൂടുതൽ പുരോഗതി ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സഹായികൾ അറിയിച്ചു. തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുവാൻ നേരത്തെ നിയമസഹായ സമിതിക്ക് കഴിഞ്ഞിരുന്നില്ല. തലാലിന്റെ സഹോദരനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്നും ചർച്ച തുടരുകയാണെന്നും കാന്തപുരം വിഭാ​ഗം അറിയിച്ചു.

യെമനിലെ ശരീഅത്ത് നിയമപ്രകാരം ദയ ധനം (ബ്ലഡ് മണി) നൽകി ഇരയുടെ കുടുംബം സമ്മതിച്ചാൽ വധശിക്ഷ ഒഴിവാക്കാൻ സാധ്യതയുണ്ട്. എന്നാൽ, തലാലിന്റെ കുടുംബം ഒരു ദശലക്ഷം ഡോളറിന്റെ ബ്ലഡ് മണി വാഗ്ദാനം നിരസിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിമിഷയുടെ അമ്മ പ്രേമ കുമാരി, മകളെ രക്ഷിക്കാൻ ഒരു വർഷത്തോളമായി സനായിൽ തങ്ങുന്നു. പാലക്കാട്ടെ തന്റെ ഏക സ്വത്ത് വിറ്റാണ് അവർ നിയമനടപടികൾക്കുള്ള പണം കണ്ടെത്തിയത്.

More Stories from this section

family-dental
witywide