
ഡെറാഡൂൺ: ഉത്തരാഖണ്ഡിനെ കണ്ണീരിലാഴ്ത്തിയ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയത് 28 മലയാളികളെന്നും എല്ലാവരും സുരക്ഷിതരെന്നും സ്ഥിരീകരണം. ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ കുടുങ്ങിയ ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചെന്നും അദ്ദേഹം വിവരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മിന്നൽ പ്രളയമുണ്ടായതിന് 4 കിലോമീറ്റർ അകലെയുള്ള ഗംഗോത്രിക്ക് സമീപമാണ് മലയാളികൾ കുടുങ്ങിക്കിടക്കുന്നത്. 28 പേരടങ്ങുന്ന സംഘമാണ് യാത്ര പോയത്. റോഡുകൾ ബ്ലോക്കായതിനാൽ തിരികെ മടങ്ങാനുള്ള ബുദ്ധിമുട്ട് മാത്രമാണുള്ളതെന്നും മലയാളി സമാജം പ്രസിഡന്റ് വ്യക്തമാക്കി. കൊച്ചി സ്വദേശികളായ നാരായണൻ നായരും ശ്രീദേവി പിള്ളയും ഇവരിലുൾപ്പെട്ടിട്ടുണ്ട്.
നേരത്തെ ഉത്തരാഖണ്ഡില്‍ കുടുങ്ങിയെ 28 അംഗ മലയാളി സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.