
മോസ്കോ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതിന് ചുട്ട മറുപടി നൽകി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. യുഎസ് പ്രസിഡന്‍റിന്‍റെ നീക്കങ്ങൾക്ക് പിന്നിലുള്ള കാരണം മനസിലാക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്നും, ഏത് പുതിയ ശിക്ഷാ നടപടികളെയും നേരിടാൻ റഷ്യക്ക് കഴിയുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ട്രംപിന്‍റെ 50 ദിവസത്തെ വെടിനിർത്തൽ അന്ത്യശാസനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്‍റിനെ ഇതെല്ലാം ചെയ്യാൻ എന്താണ് പ്രേരിപ്പിക്കുന്നതെന്ന് മനസിലാക്കണമെന്ന് ലാവ്റോവ് പറഞ്ഞു. പുതിയ ഉപരോധങ്ങളെ തങ്ങൾ നേരിടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ നിശ്ചിത സമയത്തിനുള്ളിൽ യുക്രൈനുമായി വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ സെക്കൻഡറി താരിഫുകൾ ഏർപ്പെടുത്തുമെന്ന ട്രംപിന്‍റെ ഭീഷണിയെ ലാവ്റോവ് തള്ളിക്കളഞ്ഞു.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് റഷ്യക്കെതിരെ കടുത്ത താരിഫുകൾ ഏർപ്പെടുത്തുമെന്നാണ് ഭീഷണി മുഴക്കയത്. അടുത്ത 50 ദിവസത്തിനുള്ളിൽ വ്‌ളാഡിമിർ പുടിൻ യുക്രെയ്നുമായി വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ ഈ നടപടിയുണ്ടാകുമെന്നാണ് ട്രംപ് അറിയിച്ചത്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ തിങ്കളാഴ്ചയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഞങ്ങൾ സെക്കൻഡറി താരിഫുകൾ ഏർപ്പെടുത്താൻ പോകുകയാണ്. 50 ദിവസത്തിനുള്ളിൽ ഒരു കരാർ ഉണ്ടായില്ലെങ്കിൽ അത് വളരെ ലളിതമാണ്. അവ 100 ശതമാനമായിരിക്കും, അതാണ് രീതി എന്ന് ട്രംപ് പറഞ്ഞു.
യുക്രെയിന് കൂടുതല്‍ സഹായം നല്‍കാനാണ് യുഎസ് നീക്കം. യുക്രെയിലേക്ക് പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അയയ്ക്കുമെന്ന് അറിയിച്ച് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. യുക്രെയ്നിലെ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടുള്ള അതൃപ്തി ട്രംപ് വീണ്ടും പ്രകടിപ്പിക്കുകയും ചെയ്തു. യുഎസ് പ്രത്യേക പ്രതിനിധി യുക്രെയ്നിലേക്ക് പോകും. ട്രംപ് വാഷിംഗ്ടണില്‍ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.