
വാഷിംഗ്ടണ്‍ : ഗാസ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പലസ്തീനികളെ ലിബിയയിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത നിഷേധിച്ച് യുഎസും ലിബിയയും. എന്‍ബിസി ന്യൂസാണ് ആദ്യം യുഎസിന്റെ നീക്കം റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്ത ചര്‍ച്ചയായതോടെ, ഇങ്ങനൊരു പദ്ധതിയില്ലെന്നും വാര്‍ത്ത വ്യാജമാണെന്നും യുഎസ് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനുമുന്‍പ് ഇതു സംബന്ധിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റുമായും ദേശീയ സുരക്ഷാ കൗണ്‍സിലുമായും പലവട്ടം ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയാറായില്ലെന്നും എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചശേഷം ഇതു വ്യാജമാണെന്ന് ഭരണകൂടത്തെ പ്രതിനിധീകരിച്ച് ഒരു വക്താവ് പറഞ്ഞുവെന്നും എന്‍ബിസി വ്യക്തത വരുത്തിയിട്ടുണ്ട്.
പലസ്തീന്‍കാരെ ലിബിയയിലേക്കു മാറ്റുന്നതിനെക്കുറിച്ചുള്ള യാതൊരു ചര്‍ച്ചകളെക്കുറിച്ചും അറിയില്ലെന്ന് ഹമാസിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ബാസെം നയിമും പ്രതികരിച്ചു. പലസ്തീന്‍കാരുടെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കേണ്ടത് പലസ്തീന്‍കാര്‍ തന്നെയാണെന്നും ബാസെം നയിം പറഞ്ഞു.
അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ യുഎസും ലിബിയയും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ലിബിയന്‍ സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.