ഹണിമൂ‌‌ൺ ആഘോഷിച്ച് തിരിച്ച് യുഎസിലെത്തിയ യുവതിയുടെ അറസ്റ്റ്; ‘കന്നുകാലിയെപ്പോലെയാണ് തന്നോട് പെരുമാറി’, ഗുരുതര വെളിപ്പെടുത്തൽ

വാഷിംഗ്ടണ്‍: ഹണിമൂൺ ആഘോഷിച്ച് തിരിച്ച് അമേരിക്കയിലേക്ക് മടങ്ങിയെത്തിയ പലസ്തീൻ വംശജയായ യുവതിക്ക് 140 ദിവസത്തെ ഇമിഗ്രേഷൻ തടങ്കലിൽ കഴിയേണ്ടി വന്നതായി റിപ്പോർട്ട്. ടെക്സാസിൽ നിന്നുള്ള വാർഡ് സകീക് (22) തടങ്കലിൽ തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങൾ തുറന്ന് പറയുകയായിരുന്നു. കന്നുകാലിയെപ്പോലെയാണ് തന്നോട് യുഎസ് അധികൃതര്‍ പെരുമാറിയതെന്ന് വാര്‍ഡ് സകീക് പറഞ്ഞു. സൗദി അറേബ്യയിൽ ജനിച്ച വാര്‍ഡ് സകീക്കിന് ഒരു രാജ്യത്തിന്‍റെയും പൗരത്വമില്ല. ഒരു അമേരിക്കൻ പൗരനെയാണ് ഇവർ വിവാഹം ചെയ്തിരിക്കുന്നത്.
ഫെബ്രുവരിയിൽ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോചിതയായ ശേഷം ആദ്യമായാണ് വാര്‍ഡ് പരസ്യമായി ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ‘ഞാൻ എന്‍റെ ഭർത്താവുമൊത്ത് ഹണിമൂൺ കഴിഞ്ഞ് മടങ്ങിയെത്തുകയായിരുന്നു. എന്നാൽ, എനിക്ക് ഭക്ഷണവും വെള്ളവും നൽകാതെ 16 മണിക്കൂറോളം വിലങ്ങണിയിക്കുകയും കന്നുകാലികളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും മാറ്റുകയും ചെയ്തു’ – എന്ന് ഡാളസ്-ഫോർട്ട് വർത്തിൽ നടന്ന വൈകാരികമായ വാർത്താ സമ്മേളനത്തിൽ അവര്‍ പറഞ്ഞു.

എട്ടാം വയസ് മുതൽ അമേരിക്കയിൽ താമസിക്കുന്നയാളാണ് വാര്‍ഡ് സകീക്. യുഎസ് പൗരനായ താഹിർ ഷെയ്ക്കിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഗ്രീൻ കാർഡ് അപേക്ഷ തീർപ്പുകൽപ്പിക്കാത്തതിനാൽ അന്താരാഷ്ട്ര യാത്രകളിലെ സങ്കീർണ്ണതകൾ ഒഴിവാക്കാൻ ഹണിമൂണിനായി യുഎസ് വിർജിൻ ദ്വീപുകളാണ് തങ്ങൾ തിരഞ്ഞെടുത്തതെന്ന് വാര്‍ഡ് സകീക് പറഞ്ഞു. ഇത്രയും മുൻകരുതലുകൾ എടുക്കുകയും ഇമിഗ്രേഷൻ നില വ്യക്തമാക്കുന്ന രേഖകകൾ കൈവശമുണ്ടായിട്ടും യുഎസ് അധികൃതര്‍ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.

ഒരു പതിറ്റാണ്ടിലേറെയായി വാര്‍ഡ് സകീക്കിന് അന്തിമ നാടുകടത്തൽ ഉത്തരവ് നിലവിലുണ്ടെന്നും, യുഎസിലെ അവരുടെ സാന്നിധ്യം നിയമവിരുദ്ധമാണെന്നുമാണ് സർക്കാർ വാദം. വാർഡ് സകീക് ഇമിഗ്രേഷൻ നയങ്ങൾ പാലിച്ചിരുന്നില്ല. അവർ വിസ കാലാവധി കഴിഞ്ഞും ഇവിടെ താമസിക്കുകയായിരുന്നു, അവരുടെ കുടുംബത്തിന്‍റെ അഭയം തേടിയുള്ള അപേക്ഷ നിരസിച്ചതുമുതൽ അവരെ നാടുകടത്താൻ ഉത്തരവിട്ടിരുന്നുവെന്ന് അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ മക്ലോഗ്‌ലിൻ പറഞ്ഞു.

More Stories from this section

family-dental
witywide