
വാഷിംഗ്ടണ്‍: ജൂണ്‍ 14ന് യുഎസില്‍ ‘നോ കിംഗ്സ്’ പ്രതിഷേധം നടത്താൻ വിവിധ ആക്ടിവിസ്റ്റ് സംഘടനകൾ. ഇൻഡിവിസിബിൾ അടക്കമുള്ള സംഘടനകളാണ് ഈ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ട്രംപിന്‍റെ 79-ാം ജന്മദിനത്തിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ആർമി ഡേ പരേഡിനോടുള്ള പ്രതികരണമായാണ് ഈ പ്രതിഷേധങ്ങൾ. ഭരണകൂടത്തിന്‍റെ സ്വേച്ഛാധിപത്യത്തെയും അഴിമതിയെയും ചോദ്യം ചെയ്യാനാണ് ഈ പ്രതിഷേധങ്ങൾ ലക്ഷ്യമിടുന്നത്. ലോസ് ഏഞ്ചൽസിലെ സമീപകാല സമാധാനപരമായ പ്രകടനങ്ങളോടുള്ള ട്രംപിന്‍റെ പ്രതികരണം പ്രതിഷേധത്തിന്‍റെ ശക്തി കൂട്ടിയിട്ടുണ്ട്.
വാഷിംഗ്ടൺ ഡിസിയിൽ പ്രതിഷേധം നടത്തില്ലെന്ന് സംഘടനകൾ പ്രത്യേകം അറിയിച്ചിട്ടുണ്ട്. ജന്മദിന പരേഡ് ശ്രദ്ധാകേന്ദ്രമാക്കാൻ അനുവദിക്കുന്നതിന് പകരം, അന്ന് അമേരിക്കയുടെ കഥയായി എല്ലായിടത്തും നടക്കുന്ന ഈ പ്രതിഷേധങ്ങളെ മാറ്റാനാണ് തീരുമാനം. പ്രസിഡന്‍റിന്‍റെ ജന്മദിനവും യുഎസ് ആർമിയുടെ 250-ാം വാർഷികവുമായി ഒരുമിച്ച് വരുന്നതിനാൽ വാഷിംഗ്ടൺ ഡിസിയിൽ ഒരു വലിയ സൈനിക പരേഡ് നടക്കും. 150 വാഹനങ്ങളും 6,700 സൈനികരും 50 വിമാനങ്ങളും ഈ പരിപാടിയിൽ അണിനിരക്കുമെന്നാണ് യുഎസ് ആര്‍മി അറിയിച്ചിട്ടുള്ളത്. ലോസ് ഏഞ്ചൽസിൽ നടന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) റെയ്ഡുകൾക്ക് പിന്നാലെയാണ് ഈ ദിനം വരുന്നതെന്നുള്ളതും ശ്രദ്ധേയമാണ്.