
വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും നടപ്പിലാക്കുന്ന നയങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം വീണ്ടും ‘നോ കിംഗ്‌സ്’ പ്രതിഷേധങ്ങള്‍ ഉയരുന്നു. ട്രംപ് ഭരണകൂടം അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നാരോപിച്ചും കുടിയേറ്റ നിയന്ത്രണ നടപടികളിലും അമേരിക്കന്‍ നഗരങ്ങളിലേക്ക് സൈന്യത്തെ അയച്ചതിലും പ്രതിഷേധിച്ചാണ് ജനങ്ങള്‍ പ്രതിഷേധം കടുപ്പിച്ചത്. ശനിയാഴ്ച ആക്ടിവിസ്റ്റുകളും അഭിഭാഷക ഗ്രൂപ്പുകളും ചേര്‍ന്നാണ് രണ്ടാം വട്ട പ്രതിഷേധങ്ങളുമായി യുഎസിലുടനീളം തെരുവിലിറങ്ങിയത്. ഫെഡറല്‍ സര്‍ക്കാരിന്റെ ഷട്ട്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.
ബോസ്റ്റണില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് 7 ദശലക്ഷം ആളുകള്‍ ഒത്തുകൂടിയതായി സംഘാടകര്‍ പറഞ്ഞു. കൂട്ട നാടുകടത്തല്‍ പോലുള്ള ഭരണകൂടത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള ബാനറുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധക്കാര്‍ നീങ്ങിയത്.
‘ലക്ഷക്കണക്കിന് ആളുകള്‍ പ്രതിഷേധിക്കുന്നത് നമ്മുടെ രാജ്യത്തോടുള്ള കടുത്ത സ്‌നേഹം കാരണമാണ്. പോരാടേണ്ടതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന ഒരു രാജ്യത്തിനായി,’ – പ്രതിഷേധത്തിന്റെ സംഘാടകര്‍ പ്രസ്താവനയില്‍ പറഞ്ഞു.
റിപ്പബ്ലിക്കന്മാരുടെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടെങ്കിലും അവര്‍ക്ക് ഈ രാജ്യത്തോട് സ്‌നേഹമില്ലെന്ന് വിശ്വസിക്കുന്നില്ലെന്ന് റാലിയ പങ്കെടുത്തവരിലൊരാള്‍ പറഞ്ഞു. ‘അവര്‍ വഴിതെറ്റിപ്പോയവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ക്ക് അധികാരത്തോടാണ് താല്പര്യം. ഈ രാജ്യത്തുള്ള കുടിയേറ്റക്കാരെ ദുഷിച്ചു കാണിക്കുന്ന പ്രവണത ദുഃഖകരവും പരിതാപകരവും ഭയപ്പെടുത്തുന്നതുമാണ്,’ അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്ന പ്രതിഷേധത്തില്‍ ഏകദേശം രണ്ടുലക്ഷത്തോളം പേര്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ പറഞ്ഞു. വിയറ്റ്‌നാം യുദ്ധത്തിനെതിരായ പ്രതിഷേധങ്ങളെ അനുസ്മരിച്ചുകൊണ്ട് വാഷിംഗ്ടണ്‍ ഡി.സി.യില്‍ വേദിയിലെത്തിയ പ്രഭാഷകരില്‍ ശാസ്ത്രജ്ഞനും ടിവി അവതാരകനുമായ ബില്‍ നൈയും ഉള്‍പ്പെടുന്നു.
അമേരിക്കയില്‍ മാത്രമല്ല, വിദേശത്തും ചില പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ലണ്ടനിലെ യുഎസ് എംബസിക്കു പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടി. മാഡ്രിഡിലും ബാഴ്‌സലോണയിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നു. അക്രമ സംഭവങ്ങളോ അറസ്റ്റുകളോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ലെന്ന് പ്രാദേശിക പൊലീസ് വകുപ്പുകള്‍ അറിയിച്ചു.
അതേസമയം, ഈ റാലികളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ‘ഹേറ്റ് അമേരിക്ക’ റാലികള്‍ എന്നാണ് വിശേഷിപ്പിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടി നിലവിലുള്ള ഫെഡറല്‍ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനുള്ള ഒരു കാരണമാണ് ഈ പ്രതിഷേധങ്ങളെന്നും അവകാശപ്പെട്ടാണ് റിപ്പബ്ലിക്കന്‍മാര്‍ പ്രതിഷേധങ്ങളെ വിമര്‍ശിക്കുന്നത്.
ജൂണ്‍ മാസത്തില്‍ നടന്ന ആയിരക്കണക്കിന് പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണ് നിയാഴ്ച നടന്നത്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍, ഇന്‍ഡിവിസിബിള്‍, 50501 തുടങ്ങിയ സംഘടനകളുടെ ഒരു കൂട്ടായ്മയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി.സി., ഷിക്കാഗോ, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യവ്യാപകമായി 2,600-ലധികം ഇടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ പറയുന്നു.
‘No Kings’ protests again against the Trump administration.