സംശയം വേണ്ട! നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായി, ഇതാദ്യമായി പരസ്യ പ്രതികരണവുമായി കാന്തപുരം മുസ്ലിയാർ രംഗത്ത്

മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന് സ്ഥിരീകരിച്ച് പരസ്യ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്ത്. ദി ഫെഡറല്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നതതല യോഗത്തിലാണ് ഈ ധാരണയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന വാര്‍ത്ത ആദ്യമായാണ് കാന്തപുരം പരസ്യമായി സ്ഥിരീകരിക്കുന്നത്.

നേരത്തെ, നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കാന്തപുരം ഷെയര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് ആ വാര്‍ത്ത ഡിലീറ്റ് ചെയ്യപ്പെട്ടു. കാന്തപുരത്തിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഒരു വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വാര്‍ത്തയാണ് ഷെയര്‍ ചെയ്തിരുന്നത്. ഈ വാര്‍ത്ത ശരിയാണെന്നും എന്നാല്‍ അത് ഡിലീറ്റ് ചെയ്തത് ഏജന്‍സിയാണെന്നും കാന്തപുരത്തിന്റെ ഓഫീസ് വിശദീകരിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടെ കാന്തപുരത്തിന്റെ ഇടപെടലിനെച്ചൊല്ലി അവകാശവാദങ്ങളും തര്‍ക്കങ്ങളും ഉയര്‍ന്നിരുന്നു.

ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അവസാന നിമിഷം വിവിധ തലങ്ങളിൽ നടന്ന ഇടപെടലുകൾ മൂലം ശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു. സർക്കാർ തലത്തിലെ ഇടപെടലുകൾക്കൊപ്പം, കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ യെമനിലെ പണ്ഡിതന്മാരുമായി ചർച്ച നടത്തി കേസിൽ ഇടപെട്ടിരുന്നു. 2015 ൽ സനയിൽ യെമൻ പൗരനായ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ഒരു ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയോടൊപ്പം തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിൽ നിമിഷ അറസ്റ്റിലായി. 2020-ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരെ നൽകിയ അപ്പീലുകൾ വിവിധ കോടതികൾ തള്ളിയിരുന്നു. ഒടുവിൽ ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് അവസാന നിമിഷം വധശിക്ഷ നീട്ടിവച്ചത്.

More Stories from this section

family-dental
witywide