അങ്ങനങ്ങ് ഞെട്ടിക്കാന്‍ വരട്ടെ ട്രംപേ…ആ ആഗ്രഹം ഇപ്പോഴൊന്നും നടക്കില്ല; ടെക് മേഖലയില്‍ ഇന്ത്യക്കാരില്ലാതെ പറ്റില്ല

ബുധനാഴ്ച വാഷിങ്ടണില്‍ നടന്ന എഐ ഉച്ചകോടിയില്‍ സംസാരിക്കെവെയായിരുന്നു, ഇന്ത്യന്‍ യുവാക്കളെ ഞെട്ടിക്കുന്ന ഒരു നിര്‍ദേശം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്‍ നിന്നും ഉണ്ടായത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വന്‍കിട ടെക് കമ്പനികള്‍ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.

സ്വന്തം രാജ്യത്തുള്ളവരെ പരിഗണിക്കുന്നതിന് പകരം ലോകത്തുള്ള ആര്‍ക്കു വേണമെങ്കിലും ജോലി നല്‍കാമെന്ന ടെക് കമ്പനികളുടെ നിലപാടിനെ വിമര്‍ശിച്ച ട്രംപ് ഈ സമീപനം പല അമേരിക്കക്കാരേയും അവഗണിക്കപ്പെട്ടവരാക്കിയെന്നും പ്രസിഡന്റ് ട്രംപിന്റെ കീഴില്‍ ഇനി അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാം തീരുമാനിച്ച് ഉറപ്പിച്ചതുപോലെയുള്ള വാക്കുകളായിരുന്നു അത്.

ഇന്ത്യയിലെ ഉല്‍പ്പാദനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ആപ്പിളിനോടും ടെസ്ലയോടും അദ്ദേഹം വ്യക്തമായി ആവശ്യപ്പെട്ടതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഈ പുതിയ പരാമര്‍ശങ്ങള്‍ വന്നത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ തുടങ്ങിയ ടെക് കമ്പനികള്‍ക്ക് ഇന്ത്യയിലും ഓഫീസുകളുണ്ട്. നിരവധി ഇന്ത്യന്‍ ഐടി വിദഗ്ധര്‍ ഇവിടെ ജോലിചെയ്യുന്നുമുണ്ട്. എന്നാല്‍, അമേരിക്കന്‍ ടെക് കമ്പനികള്‍ അമേരിക്കക്കാരെ ഒന്നാമതെത്തിക്കണമെന്നും ഇന്ത്യയില്‍ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനുപകരം അമേരിക്കയില്‍ അവരുടെ ഓഫീസുകള്‍ സ്ഥാപിക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെടുന്നത്. എന്നാല്‍ ട്രംപ് പറയുംപോലെ അത്ര എളുപ്പമാണോ ഈ കാര്യം?

ട്രംപ് തൊടുത്തുവിട്ട അഭിപ്രായ ശരങ്ങള്‍ വന്നുവീണത് ഇന്ത്യയിലായതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ വിഷയം ഏറ്റെടുക്കുകയും ചര്‍ച്ച തുടരുകയും ചെയ്യുന്നു. ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. ട്രംപ് മുന്നോട്ടുവച്ച ആഹ്വാനം ഗൂഗിളും മൈക്രോസോഫ്റ്റും അടക്കമുള്ളവര്‍ പിന്തുടരുകയും അനുസരിക്കുകയും ചെയ്യുമോ? ഇന്ത്യയില്‍ ടെക് എഞ്ചിനീയര്‍മാരെയും സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരെയും അവര്‍ നിയമിക്കുന്നത് നിര്‍ത്തുമോ? അതിലേറെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം, ഇന്ത്യയ്ക്ക് പകരം അമേരിക്കയില്‍ പുതിയ ഓഫീസുകള്‍ സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കുമോ? എന്നതാണ്. എന്നാല്‍, ഈ ചോദ്യങ്ങള്‍ക്കൊക്കെ സാധ്യതയില്ല എന്നതാണ് ഉത്തരം.

കാരണം, സാങ്കേതിക പ്രതിഭകളുടെ ലഭ്യത, ആവശ്യകത, ചെലവ് എന്നിവയടക്കമുള്ള യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാവുന്ന ഒന്നല്ല. അമേരിക്ക അതിന്റെ സാങ്കേതിക മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുന്നില്ല, എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ഇന്ത്യയില്‍ നിന്നുള്ളവരെ നിയമിക്കുന്നത് കമ്പനിക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നുണ്ട്. അതിനാല്‍, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, ടെക് ഭീമന്മാര്‍ ഇന്ത്യയില്‍ സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നത് തുടരാന്‍ തന്നെയാണ് സാധ്യത.

ഓരോ വര്‍ഷവും യുഎസ് ബാച്ചിലര്‍ തലത്തില്‍ ഏകദേശം 150,000 എഞ്ചിനീയറിംഗ് ബിരുദധാരികളെ സൃഷ്ടിക്കുന്നു. കൂടാതെ, ഏകദേശം 50,000 വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നു, 12,000 -ത്തോളം പേര്‍ക്ക് ഡോക്ടറേറ്റുകള്‍ ലഭിക്കുന്നു. കേള്‍ക്കുമ്പോള്‍ ഇത്രയധികം പേര്‍ സാങ്കേതിക വൈദഗ്ധ്യം നേടുന്നുവെന്ന് തോന്നുമെങ്കിലും ടെക് വ്യവസായത്തിന് ഇതിലേറെ ആളുകളെ ആവശ്യമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണത്തിന് ഗൂഗിളില്‍മാത്രം ഏകദേശം 1,80,000 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പ്രവചനങ്ങള്‍ അനുസരിച്ച്, സോഫ്റ്റ്വെയര്‍ വികസനം പോലുള്ള മേഖലകളില്‍ 2032 വരെ എല്ലാ വര്‍ഷവും ഏകദേശം 11 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഇതര ജോലികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, മറ്റ് ജോലികള്‍ക്ക് പ്രതിവര്‍ഷം 2 ശതമാനം മാത്രം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അതായത് അമേരിക്കയിലുള്ളതിനേക്കാള്‍ അധികം സാങ്കേതിക വിദഗ്ധരെ വേണമെന്ന് സാരം. യുഎസുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യന്‍ എഞ്ചിനീയറിംഗ് ബിരുദധാരികളുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും എഐസിടിഇയുടെയും കണക്കുകള്‍ പ്രകാരം, ഇന്ത്യ പ്രതിവര്‍ഷം 1.5 ദശലക്ഷത്തിലധികം എഞ്ചിനീയറിംഗ് ബിരുദധാരികളെ സൃഷ്ടിക്കുന്നുണ്ട്.

ഇക്കാര്യങ്ങളൊക്കെ വിശദമായി പരിശോധിക്കുമ്പോള്‍, ട്രംപിന്റെ വാക്ക് വെറുംവാക്കായി, കുറച്ചധികകാലം തുടരാന്‍ തന്നെയാണ് സാധ്യത

More Stories from this section

family-dental
witywide