
ഭാര്യ ഉഷാ വാന്‍സിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വലിയ വിവാദത്തിന്റെ കേന്ദ്രബിന്ദുവാണ്. ഇന്ത്യന്‍ വംശജയും ഹിന്ദുമത വിശ്വാസത്തില്‍ വളര്‍ന്നവളുമായ ഭാര്യ ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ തനിക്ക് സന്തോഷമാകുമെന്ന് പറഞ്ഞതു മുതലാണ് വാന്‍സ് വ്യാപകമായി വിമര്‍ശിക്കപ്പെട്ടത്. മിസിസിപ്പിയിലെ ടേണിംഗ് പോയിന്റ് യുഎസ്എ പരിപാടിയില്‍ വെച്ചായിരുന്നു വാന്‍സ് വിവാദ പ്രസ്താവന നടത്തിയത്.
സമൂഹമാധ്യമങ്ങളില്‍ രൂക്ഷഭാഷയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ, ഭാര്യയുടെ മതം സംബന്ധിച്ച പരാമര്‍ശങ്ങളില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് വാന്‍സ്. ഭാര്യ ഉഷാ വാന്‍സിന് മതം മാറാന്‍ പദ്ധതിയില്ലെന്നും ഈ വിഷയത്തില്‍ തനിക്കെതിരെയുള്ള വിമര്‍ശനം വെറുപ്പുളവാക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
‘അവര്‍ ഒരു ക്രിസ്ത്യാനിയല്ല. മതം മാറാന്‍ പദ്ധതികളൊന്നുമില്ല. എന്നാല്‍ മിശ്ര വിവാഹം കഴിച്ച പലരെയും പോലെ അവളും ഒരു ദിവസം എന്റെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ വാന്‍സ് എക്‌സില്‍ ഒരു പോസ്റ്റിന് മറുപടിയായി എഴുതി. ‘എന്തുതന്നെയായാലും, ഞാന്‍ അവളെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവളുമായി വിശ്വാസത്തെയും ജീവിതത്തെയും മറ്റെല്ലാ കാര്യങ്ങളെയും കുറിച്ച് സംസാരിക്കുകയും ചെയ്യും. കാരണം അവളാണ് എന്റെ ഭാര്യ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്റെ ക്രിസ്തീയ വിശ്വാസം സുവിശേഷം സത്യമാണെന്നും മനുഷ്യര്‍ക്ക് നല്ലതാണെന്നും എന്നോട് പറയുന്നു. എന്റെ ഭാര്യ എന്റെ ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും അത്ഭുതകരമായ അനുഗ്രഹമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ വിശ്വാസവുമായി വീണ്ടും ഇടപഴകാന്‍ അവര്‍ തന്നെ എന്നെ പ്രോത്സാഹിപ്പിച്ചു,” വാന്‍സ് ഒരു ട്വീറ്റില്‍ എഴുതി. മാത്രമല്ല, ഒരു പൊതു വ്യക്തി എന്ന നിലയില്‍ ആളുകള്‍ക്ക് തന്റെ കാര്യങ്ങളില്‍ ആകാംഷയുണ്ടെന്നും അതിനാല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
No Plans For Usha Vance To Convert To Christianity said Jd Vance















