
വാഷിംഗ്ടൺ: റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളെക്കുറിച്ചും ഇസ്രായേൽ-ഹമാസ് സമാധാന ശ്രമങ്ങളെക്കുറിച്ചും പ്രതീക്ഷ പങ്കുവെച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വെള്ളിയാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിലാണ് വിദേശനയങ്ങളിലെ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. സമാധാന ശ്രമങ്ങൾ പുരോഗമിക്കുകയാണെങ്കിലും ഇവയുടെ വിജയത്തെക്കുറിച്ചോ സമയപരിധിയെക്കുറിച്ചോ ഇപ്പോൾ പ്രവചിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ൻ പ്രതിനിധി റസ്തം ഉമെറോവ്, ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നർ എന്നിവരുമായി ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഫ്ലോറിഡയിൽ ചർച്ചകൾ നടത്തുകയാണ്. ട്രംപ് മുന്നോട്ട് വെച്ച പുതിയ സമാധാന നിർദ്ദേശങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. യുക്രെയ്ൻ-റഷ്യ വിഷയത്തിന് പുറമെ ഗാസയുമായി ബന്ധപ്പെട്ട നിർണ്ണായക യോഗങ്ങളും മിയാമിയിൽ നടക്കുന്നുണ്ട്.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ “അമേരിക്ക ഫസ്റ്റ്” നയങ്ങളുടെ ശക്തനായ വക്താവായി മാറിയിരിക്കുകയാണ് നിലവിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ അധിക ചുമതല കൂടി വഹിക്കുന്ന റൂബിയോ. വിദേശ സഹായങ്ങളിൽ ട്രംപ് വരുത്തിയ സമൂലമായ മാറ്റങ്ങളെ അദ്ദേഹം പിന്തുണച്ചു. സുഡാനിൽ പുതുവർഷത്തിന് മുന്നോടിയായി മാനുഷിക പരിഗണന മുൻനിർത്തിയുള്ള വെടിനിർത്തൽ നടപ്പിലാക്കാൻ ഭരണകൂടം ശ്രമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനസ്വേലയ്ക്ക് മേൽ അമേരിക്കൻ സൈനിക സമ്മർദ്ദം വർദ്ധിപ്പിക്കുന്ന നീക്കത്തെ റൂബിയോ ന്യായീകരിച്ചു. വെനസ്വേലൻ തീരത്ത് അമേരിക്ക പ്രഖ്യാപിച്ച ഉപരോധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. വിസ നിയന്ത്രണങ്ങൾ മുതൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥ പുനഃസംഘടന വരെയുള്ള വിഷയങ്ങളിൽ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന കർശന നിലപാടുകളെ അദ്ദേഹം ശരിവെച്ചു.















