
വാഷിംഗ്ടണ്‍: യുക്രൈന് സുരക്ഷാ ഗ്യാരന്‍റിയും നാറ്റോ അംഗത്വമോ നൽകില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുക്രൈന്‍റെ ധാതുസമ്പത്തിന്‍റെ 50 ശതമാനം അവകാശം യുഎസിന് നൽകുന്ന കരാറിൽ ഒപ്പുവെയ്ക്കുമെന്ന് വൊളോഡിമർ സെലൻസ്കി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ ഒപ്പിടാനായി വെള്ളിയാഴ്ച സെലൻസ്കി യുഎസിൽ എത്തുന്നുണ്ട്.
യുക്രൈന്‍റെ സുരക്ഷയുടെ ഉത്തരവാദിത്തം യൂറോപ്യൻ സഖ്യകക്ഷികൾക്കാണെന്നാണ് ട്രംപിന്‍റെ നിലപാട്. യുക്രൈൻ ആവശ്യപ്പെടുന്ന സുരക്ഷാ ഗ്യാരന്റി അടങ്ങുന്ന കരാറിൽ ഇരുഭാഗവും ഒപ്പുവെയ്ക്കുമെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. ഇക്കാര്യം സെലൻസ്കിയുടെ ഓഫീസും സ്ഥിരീകരിച്ചിരുന്നു. എന്നാൽ സെലൻസ്കിയുടെ വരവിന് മുമ്പ് തന്നെ കരാറിൽ ഇത്തരം ഗ്യാരന്റികൾ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.
“നാറ്റോ…അതിനെപ്പറ്റി നിങ്ങൾക്ക് മറക്കാം. എനിക്ക് തോന്നുന്നത് ഇതെല്ലാം തുടങ്ങാൻ കാരണം അതാകാമെന്നാണ്”, ട്രംപ് പറഞ്ഞു. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കൃത്യമായ സമയം പറഞ്ഞിരുന്നെങ്കിലും യുക്രെയ്ന് നാറ്റോ അംഗത്വം വാഗ്ദാനം ചെയ്തിരുന്നു. മൂന്ന് വർഷം പിന്നിട്ട റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ട്രംപിന്‍റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇത്തരം ചർച്ചകളിൽ യുക്രൈൻ പ്രതിനിധികളെ അയച്ചിരുന്നില്ല.