
പെൻസിൽവാനിയ: യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്‍റെയും അലൂമിനിയത്തിന്‍റെയും താരിഫ് 50 ശതമാനം വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ നീക്കം സ്റ്റീൽ വ്യവസായത്തെ ശക്തിപ്പെടുത്തുമെന്നും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസ് സ്റ്റീലിന്‍റെ ആസ്ഥാനമായ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നിങ്ങൾക്ക് സ്റ്റീൽ ഇല്ലെങ്കിൽ, നിങ്ങൾക്ക് ഒരു രാജ്യവുമില്ല. നിങ്ങൾക്ക് ഒരു രാജ്യവുമില്ലെങ്കിൽ, നിങ്ങൾക്ക് ഒരു സൈന്യത്തെ ഉണ്ടാക്കാൻ കഴിയില്ല. നമ്മൾ എന്തു ചെയ്യും? ‘നമ്മുടെ സൈനിക ടാങ്കുകൾക്ക് സ്റ്റീൽ വാങ്ങാൻ നമുക്ക് ചൈനയിലേക്ക് പോകാം’ എന്ന് പറയുമോ?” ട്രംപ് ചോദിച്ചു.
യുഎസ് സ്റ്റീലിന്‍റെ നിലനിൽപ്പ് ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗമായും അദ്ദേഹം ഈ നീക്കത്തെ അവതരിപ്പിച്ചു. താരിഫ് 50 ശതമാനം ആകുമ്പോൾ, അവർക്ക് ഇനി വേലി ചാടിക്കടക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. “നമ്മൾ പെൻസിൽവാനിയ സ്റ്റീലിനെ അമേരിക്കയുടെ നട്ടെല്ലാക്കി മാറ്റാൻ പോകുന്നു, മുമ്പൊരിക്കലുമില്ലാത്ത വിധം. കഴിഞ്ഞ രാത്രി ഒപ്പുവെച്ച ഉത്തരവിൽ, സ്റ്റീൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന അളവുകളിലും സാഹചര്യങ്ങളിലുമാണ് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്നതെന്ന് തനിക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.