
വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരന്തരം നിരീക്ഷിക്കുമെന്നും സെമിറ്റിക് വിരുദ്ധ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന വ്യക്തികള്‍ക്ക് വീസയോ താമസ അനുമതിയോ നിഷേധിക്കുമെന്നും യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലെ ‘വിദേശികളുടെ സെമിറ്റിക് വിരുദ്ധ പ്രവര്‍ത്തനം’, ജൂത വ്യക്തികളെ ‘ശാരീരികമായി ഉപദ്രവിക്കല്‍’ എന്നിവ കുടിയേറ്റ ആനുകൂല്യ അഭ്യര്‍ത്ഥനകള്‍ നിരസിക്കുന്നതിനുള്ള കാരണമായി പരിഗണിക്കാന്‍ തുടങ്ങുമെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ ഏജന്‍സിയായ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) അറിയിച്ചത്. ഈ നയം യുഎസില്‍ ഉടനടി പ്രാബല്യത്തില്‍ വരും. വിദ്യാര്‍ത്ഥി വിസകള്‍ക്കും യുഎസില്‍ തുടരുന്നതിന് സ്ഥിര താമസക്കാരായ ‘ഗ്രീന്‍ കാര്‍ഡുകള്‍’ക്കായുള്ള അഭ്യര്‍ത്ഥനകളെയും ഇത് ബാധിക്കുമെന്നാണ് യുഎസ്സിഐഎസ് പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
സോഷ്യല്‍മീഡിയയിലെ സെമിറ്റിക് വിരുദ്ധ പോസ്റ്റുകള്‍ എന്നതില്‍ ഹമാസ്, പലസ്തീന്‍ ഇസ്ലാമിക് ജിഹാദ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തികള്‍ എന്നിവയുള്‍പ്പെടെ യുഎസ് തീവ്രവാദികളായി കണക്കാക്കുന്ന ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനം ഉള്‍പ്പെടും.
‘ലോകത്തിലെ മറ്റ് തീവ്രവാദ അനുഭാവികള്‍ക്ക്’ യുഎസില്‍ ഇടമില്ല, അവരെ പ്രവേശിപ്പിക്കാനോ ഇവിടെ തുടരാന്‍ അനുവദിക്കാനോ ഞങ്ങള്‍ക്ക് ബാധ്യതയില്ല,’- ഡിഎച്ച്എസ് പബ്ലിക് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലാഫ്ലിന്‍ പറഞ്ഞു.