
വാഷിങ്ടന്‍ : റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍.
തീരുവ പ്രശ്‌നം പരിഹരിക്കാന്‍ ട്രംപിനെ നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്താല്‍ മതിയെന്നാണ് ജോണ്‍ ബോള്‍ട്ടന്റെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ രണ്ടുതവണ നൊബേലിന് നാമനിര്‍ദേശം ചെയ്യണമെന്നും അതോടെ തീരുവ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ബോള്‍ട്ടന്‍ പറഞ്ഞു. ചൈനയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ബോള്‍ട്ടന്റെ വിമര്‍ശനം. റഷ്യയില്‍ നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ടെങ്കിലും, ഇത്തരം ‘തീരുവ പ്രതിസന്ധി’ ചൈനയ്ക്കു ഇല്ലെന്നാണ് ബോള്‍ട്ടണ്‍ ചൂണ്ടിക്കാട്ടുന്നത്.
”ഡോണള്‍ഡ് ട്രംപ് അനാവശ്യമായി ഇന്ത്യയെ എതിര്‍ക്കുകയാണ്. ഇന്ത്യയ്‌ക്കെതിര ചുമത്തിയ ഉയര്‍ന്ന തീരുവകള്‍ കാരണം ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിള്ളലുണ്ടായി. 50% തീരുവയെന്ന സമീപനം ശരിയായ നടപടിയല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ദോഷകരമായി ബാധിക്കും.” – ബോള്‍ട്ടന്‍ പറഞ്ഞു.