
വോൻസാൻ: യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയുടെ എല്ലാ നടപടികൾക്കും നിരുപാധികം പിന്തുണ നൽകുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനെ രാജ്യത്തിന്റെ കിഴക്കൻ തീരത്തുള്ള പുതുതായി നിർമ്മിച്ച ബീച്ച് റിസോർട്ടിൽ വെച്ച് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് വർഷം നീണ്ടുനിൽക്കുന്ന ഈ സംഘർഷത്തിലേക്ക് പ്യോങ്യാങ് കൂടുതൽ ആഴത്തിൽ വലിച്ചിഴക്കപ്പെടുന്ന സമയത്താണ് കിം വോൻസാൻ നഗരത്തിൽ വെച്ച് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയിൽ, യുക്രൈനിൽ റഷ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും നിരുപാധികം പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധത കിം ആവർത്തിച്ചതായി ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ചിത്രങ്ങളിൽ, ഇരുവരും ചിരിച്ചുകൊണ്ട് കൈ കൊടുക്കുന്നതും ഒരു യാട്ടിന്റെ ക്യാബിനിലെ ചെറിയ വൃത്താകൃതിയിലുള്ള മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിക്കുന്നതും കാണാം. റഷ്യൻ-ഉത്തരകൊറിയൻ ബന്ധങ്ങൾക്ക് നിർണായകമായ സമയത്താണ് ലാവ്‌റോവിന്റെ ഈ സന്ദർശനം. യുക്രൈനിയൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് അനുസരിച്ച് റഷ്യയുടെ ആക്രമണത്തെ സഹായിക്കാൻ 25,000 മുതൽ 30,000 വരെ അധിക സൈനികരെ അയക്കാൻ പ്യോങ്യാങ് ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം പ്യോങ്യാങ് 11,000 സൈനികരെ അയച്ചതായും കണക്കാക്കപ്പെടുന്നു. പ്രതിസന്ധിക്ക് ശേഷം നാറ്റോയും യു എസും യുക്രൈന് കൂടുതൽ സഹായം വാഗ്ദാനം ചെയ്യുമ്പോഴാണ് ഉത്തര കൊറിയൻ ഇടപെടൽ എന്നുള്ളതാണ് ശ്രദ്ധേയം.