
ഡൽഹി: ഇന്ത്യയും ആസിയാനും പിന്തുടരുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയിൽ നടക്കുന്ന ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ ഓൺലൈനായി പ്രസംഗിക്കവേയാണ് മോദി ഇത് വ്യക്തമാക്കിയത്. അമേരിക്കയുമായുള്ള തീരുവ തർക്കം നിലനിൽക്കെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. വ്യാപാര മേഖലയിൽ ആസിയാനുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും മോദി അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തു.
നാളെ ആസിയാൻ ഉച്ചകോടിയിലും മോദി ഓൺലൈനായി പ്രസംഗിക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആസിയാൻ ഉച്ചകോടിക്കായി മലേഷ്യയിലെത്തിയിട്ടുണ്ട്. റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങൽ പൂർണമായി നിർത്തുമെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന് മലേഷ്യയിലേക്കുള്ള യാത്രാമധ്യേ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ-പാകിസ്താൻ യുദ്ധം താൻതന്നെ നിർത്തിയെന്ന അവകാശവാദവും ട്രംപ് ആവർത്തിച്ചു.
ഇന്ത്യയും ആസിയാനും വെറും വ്യാപാര പങ്കാളികൾ മാത്രമല്ല, സാംസ്കാരിക പങ്കാളികളാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. “ലോക ജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് നമ്മൾ പ്രതിനിധീകരിക്കുന്നു. ഭൂമിശാസ്ത്രപരമായ ബന്ധങ്ങൾ മാത്രമല്ല, സംസ്കാരവും മൂല്യങ്ങളും നമ്മൾ പങ്കിടുന്നു. ഞങ്ങൾ ‘ഗ്ലോബൽ സൗത്തി’ലെ പങ്കാളികളാണ്,” പ്രധാനമന്ത്രി പറഞ്ഞു. “ഞങ്ങൾ വെറും വ്യാപാര പങ്കാളികൾ മാത്രമല്ല, സാംസ്കാരിക പങ്കാളികളുമാണ്. ആസിയാൻ ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഒരു പ്രധാന തൂണാണ്. ആസിയാന്‍റെ കേന്ദ്രീകരണത്തെയും അതിന്‍റെ കാഴ്ചപ്പാടിനെയും ഇന്ത്യ പിന്തുണയ്ക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു















