
വാഷിംഗ്ടൺ: ഇന്ത്യയിലെ യുഎസ് സ്ഥാനപതിയും തെക്ക്, മധ്യേഷ്യൻ കാര്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധിയുമായി തന്നെ നാമനിർദേശം ചെയ്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് അതിയായ നന്ദിയുണ്ടെന്ന് വൈറ്റ് ഹൗസ് പേഴ്സണൽ ഡയറക്ടർ സെർജിയോ ഗോർ. യുഎസ് സ്ഥാനപതിയാകാൻ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ബഹുമതിയായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് 38-കാരനായ ഗോർ പ്രതികരിച്ചത്. “തന്നിൽ വിശ്വാസമർപ്പിച്ച് അടുത്ത യുഎസ് സ്ഥാനപതിയായി നാമനിർദേശം ചെയ്ത ഡോണാൾഡ് ട്രംപിനോട് അതിയായ നന്ദിയുണ്ട്,” അദ്ദേഹം കുറിച്ചു.
“ഈ ഭരണകൂടത്തിന്റെ വലിയ പ്രവർത്തനങ്ങളിലൂടെ അമേരിക്കൻ ജനതയെ സേവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നമ്മുടെ വൈറ്റ് ഹൗസ് ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന ലക്ഷ്യത്തിൽ ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചു. അമേരിക്കയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത് എന്റെ ജീവിതത്തിലെ വലിയൊരു ബഹുമതിയായിരിക്കും,” ഗോർ വ്യക്തമാക്കി