
നെവാഡ: യുഎസിലെ നെവാഡയിലെ ഹിന്ദുക്കള്‍ക്ക് ഇനി മതചിഹ്നങ്ങള്‍ക്കൊണ്ട് വീടുകള്‍ അലങ്കരിച്ചുകൊണ്ട് ദീപാവലി ആഘോഷിക്കാന്‍ അനുവാദമുണ്ടാകും. നെവാഡ ഗവര്‍ണര്‍ ജോ ലോംബാര്‍ഡോ എസ്ബി 201 എന്ന ബില്ലില്‍ ഒപ്പുവെച്ചതോടെയാണ് ഇത് നിയമമായത്. ഒക്ടോബര്‍ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. അതേ മാസത്തിലാണ് ദീപാവലി ആഘോഷം എന്നതിനാല്‍ ഇതൊരു ദീപാവലി സമ്മാനം കൂടിയാകും.
ആഘോഷ വേളയില്‍ ഇനിമുതല്‍ മതപരമായ ചിഹ്നങ്ങളും തോരണങ്ങളും ഉപയോഗിക്കാനാകുമെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ (എച്ച്എഎഫ്) എന്ന അഭിഭാഷക ഗ്രൂപ്പ് അറിയിച്ചു. യുഎസിലെ ഏറ്റവും വലിയ ഹിന്ദു അമേരിക്കന്‍, ജൂത അമേരിക്കന്‍ അഭിഭാഷക സംഘടനകളായ എച്ച്എഎഫ് ഉം ആന്റി-ഡിഫമേഷന്‍ ലീഗും (എഡിഎല്‍) സംയുക്തമായി നടത്തിയ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ബില്‍ നിയമമായതെന്ന് എച്ച്എഎഫ് പറഞ്ഞു. സെനറ്റര്‍മാരായ പസീന, നീല്‍, ഫ്‌ലോറസ്, ഷീബിള്‍, ക്രാസ്‌നര്‍, അസംബ്ലി അംഗങ്ങളായ റോത്ത്, ന്യൂയെന്‍ എന്നിവരാണ് ബില്‍ അവതരിപ്പിച്ചത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ മതപരമായ പ്രദര്‍ശനങ്ങള്‍ മാന്യമായി കൈകാര്യം ചെയ്യുന്നതും ബില്ലില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ശേഷം സുരക്ഷിതമായി ഇവ തിരികെ ഏല്‍പ്പിക്കണമെന്നും തൊഴിലാളികളോട് നിയമം ആവശ്യപ്പെടുന്നു.
നെവാഡയിലെ ഹിന്ദുക്കള്‍ക്ക് ഇതൊരു പ്രധാന വിജയമാണെന്ന് സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് എച്ച്എഎഫ് മാനേജിംഗ് ഡയറക്ടര്‍ സമീര്‍ കല്‍റ പറഞ്ഞു. ‘ഈ ബില്‍ കാരണം ഹിന്ദുക്കള്‍ക്ക് അവരുടെ വിശ്വാസം തടസ്സമില്ലാതെ ആചരിക്കാനും, വീടുകളിലും അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള അവകാശം ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും സമീര്‍ കല്‍റ പറഞ്ഞു.