അമേരിക്കയുമായി ഇനി ചർച്ചയില്ലെന്ന് ഇറാൻ; ‘ഇസ്രയേലിന്‍റെ ഏറ്റവും വലിയ പിന്തുണക്കാരുമായി ആണവ ചർച്ചകൾ അർത്ഥശൂന്യം’

ടെഹ്റാൻ: ആണവ കരാറിനായി അമേരിക്കയുമായി ഇനി ചർച്ചയില്ലെന്ന് ഇറാൻ. ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുമായുള്ള ആണവ ചർച്ചകൾ അർത്ഥശൂന്യം ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ, സയണിസ്റ്റ് ഭരണകൂടത്തിന്‍റെ ഇറാനിയൻ ജനതയ്‌ക്കെതിരായ ആക്രമണം അവസാനിക്കുന്നതുവരെ, അക്രമിയുടെ ഏറ്റവും വലിയ പിന്തുണക്കാരനും സഹായിയുമായ ഒരു കക്ഷിയുമായി (യുഎസ്) ചർച്ചകളിൽ പങ്കെടുക്കുന്നത് അർത്ഥശൂന്യമാണെന്ന് വ്യക്തമാണ് എന്നാണ് വക്താവ് ഇസ്മായിൽ ബഖായി പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രയേലിന്‍റെ ക്രൂരമായ പെരുമാറ്റം തുടരുമ്പോൾ പരോക്ഷ ചർച്ചകൾ തുടരുന്നതിന് ന്യായീകരണമില്ല എന്നും ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചി കൂട്ടിച്ചേർത്തു. ആണവ ചർച്ചകൾ ഞായറാഴ്ച ഒമാനിൽ വെച്ച് നടക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ കടുക്കുമ്പോൾ കൃത്യമായി വിശദീകരണങ്ങൾ ഒന്നും ട്രംപ് ഭരണകൂടം നൽകിയിട്ടില്ല. ഇസ്രയേൽ വ്യോമാക്രമണങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടത്തിന് അറിവുണ്ടായിരുന്നോ, അവർ അനുമതി നൽകിയിരുന്നോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഈ രണ്ട് രാജ്യങ്ങൾക്കുമിടയിലുള്ള സംഘർഷം കുറയ്ക്കാൻ ട്രംപ് ഭരണകൂടം ഏതെങ്കിലും തരത്തിലുള്ള നയതന്ത്ര പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നുണ്ടോ എന്നതും വ്യക്തമല്ല.

More Stories from this section

family-dental
witywide