
വിര്‍ജീനിയയിലെ ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കാന്‍ സ്വന്തം ബിസിനസുപോലും ഉപേക്ഷിച്ച ഇന്ത്യക്കാരിയായ നൂപുര്‍ പഞ്ചാബിക്ക് വിശപ്പിന്റെ വില നന്നായി അറിയാം. വാഷിംഗ്ടണില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായി അധിക നിയമ പാലകരെ നിയമിച്ച് പ്രസിഡന്റ് ട്രംപ് പിരിമുറുക്കം സൃഷ്ടിക്കുമ്പോള്‍ മറ്റൊരു സംസ്ഥാനമായ വിര്‍ജീനിയയില്‍ സ്‌നേഹം ഭക്ഷണമായി വിളമ്പുന്ന മനുഷ്യ സ്‌നേഹികളുടെ ഒരു സൈന്യമാണ്’ ഇന്ത്യന്‍ വംശജ നൂപുര്‍ പഞ്ചാബിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ട്രംപിന്റെ സൈന്യം ക്ഷീണിതരാണെങ്കില്‍ നൂപുറിന്റെ സംഘം ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കുകയാണ്.
കനിവിന്റെ മുഖമായ ഈ സ്ത്രീരത്‌നം വിശക്കുന്ന വയറുകള്‍ക്കായി സ്വന്തം ജീവിതം തന്നെയാണ് സമര്‍പ്പിച്ചത്. മുന്‍ ഐടി സ്റ്റാഫിംഗ് സംരംഭകയായ നൂപുര്‍ പഞ്ചാബി ഇപ്പോള്‍ വിര്‍ജീനിയയിലുടനീളമുള്ള ആയിരക്കണക്കിന് ഭവനരഹിതര്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു കമ്മ്യൂണിറ്റി അടുക്കള നടത്തുകയാണ്.
നൂപുര്‍ പഞ്ചാബിയുടെ അടുക്കളയായ ‘അന്ന സുധ’, പ്രതീക്ഷയുടെ ഒരു ദീപസ്തംഭമായി മാറിയിരിക്കുന്നു. അമ്മയുടെ വിയോഗത്തിനും COVID-19 ന്റെ വരവിനും ശേഷം ഇവര്‍ കഴിയുന്നത്ര ആളുകള്‍ക്ക് ഭക്ഷണമെത്തിച്ചിരുന്നു. പിന്നീടിതൊരു കാരുണ്യ പ്രസ്ഥാനമായി വളരുകയായിരുന്നു.
ഇന്ന്, അന്ന സുധ വിര്‍ജീനിയയിലുടനീളമുള്ള ഷെല്‍ട്ടറുകളിലേക്ക് പ്രതിമാസം 6,500 പേര്‍ക്ക് ഭക്ഷണം നല്‍കുന്നു. 300 വളണ്ടിയര്‍മാരുടെ ഒരു സംഘമാണുള്ളത്. ഇന്ത്യന്‍ രുചികളും അമേരിക്കക്കാരുടെ പ്രിയപ്പെട്ട വിഭവങ്ങളും ഇവര്‍ തയ്യാറാക്കുന്നുണ്ട്. ചിക്കന്‍ ചേര്‍ത്ത പാസ്ത, സമൂസ, കടല, ബട്ടര്‍ ചിക്കന്‍ അങ്ങനെ വിവിധ രുചികള്‍ അന്ന സുധയുടെ ഭാഗമാണ്.
” പലര്‍ക്കും, ഭക്ഷണമാണ് ഒരു ജീവനാഡി. ‘ഞാന്‍ ഒരു പാലത്തിനടിയിലാണ് താമസിക്കുന്നത്, ഈ സ്ഥലം എന്നെ അതിജീവിക്കാന്‍ സഹായിച്ചു, ‘അവര്‍ എല്ലാത്തരം വിഭവങ്ങളും വിളമ്പുന്നു, പക്ഷേ എനിക്ക് ഇന്ത്യന്‍ വിഭവങ്ങള്‍ വളരെ ഇഷ്ടമാണ്.’ അന്ന സുധയുടെ രുചി അറിഞ്ഞവരില്‍ ഒരാളുടെ വാക്കുകള്‍ ഇങ്ങനെ.
നൂപുറിന്റെ കമ്മ്യൂണിറ്റി കിച്ചണില്‍ കുട്ടികള്‍ക്കായി വേനല്‍ക്കാല പാചക ക്യാമ്പുകളും നടത്തുന്നു. അവിടെ കുടുംബങ്ങള്‍ ക്ലാസുകള്‍ക്ക് പണം നല്‍കുകയും കുട്ടികള്‍ ദോശ, ഊത്തപ്പം പോലുള്ള ഇന്ത്യന്‍ ഇഷ്ട വിഭവങ്ങള്‍ പാചകം ചെയ്യാന്‍ പഠിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഈ നീക്കത്തിന്റെ അമേരിക്കന്‍ ജനതയുടെ പങ്കാളിത്തവും ശ്രദ്ധയും നേടിയിട്ടുണ്ട്.
അമേരിക്കയുടെ ഒരു ഭാഗത്ത്, വിര്‍ജീനിയയിലെ സന്നദ്ധപ്രവര്‍ത്തകര്‍ വിശക്കുന്നവര്‍ക്ക് നിശബ്ദമായി ഭക്ഷണം വിതരണം ചെയ്യുന്നു. മറ്റൊരിടത്ത് വാഷിംഗ്ടണിലെ ക്ഷീണിതരായ സൈനികര്‍ പട്രോളിംഗ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇങ്ങനെയൊരു താരതമ്യംപോലും ഉയര്‍ന്നുവരുന്നുണ്ട്.
പ്രശ്‌നങ്ങളുടെ പരിഹാരം അധികാരത്തിലല്ല, മറിച്ച് അനുകമ്പയിലാണ് എന്നാണ് നൂപുര്‍ പഞ്ചാബിയുടെ വാക്കുകള്‍. ‘ഈ അടുക്കള നാല് വര്‍ഷമായി നടത്തുന്നു, എനിക്ക് വലിയ സംതൃപ്തി തോന്നുന്നു, ഇതാണ് എന്റെ സന്തോഷകരമായ ഇടം.’- നൂപുര്‍ സന്തോഷം പങ്കുവയ്ക്കുന്നതിങ്ങനെ.