
പെൻസിൽവാനിയ: യാഥാസ്ഥിതിക നേതാവും ആക്ടിവിസ്റ്റുമായ ചാർളി കിർക്കിന്റെ കൊലപാതകത്തെ ദുരന്തം എന്ന് വിശേഷിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ. രാഷ്ട്രീയപരമായ നിലപാടുകൾ എന്തായിരുന്നാലും, കിർക്കിന് സംഭവിച്ചത് ഭീകരവും ദുരന്തവുമാണെന്ന് ഒബാമ പറഞ്ഞു. ചൊവ്വാഴ്ച രാത്രി പെൻസിൽവാനിയയിലെ എറിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എനിക്ക് ചാർളി കിർക്കിനെ വ്യക്തിപരമായി അറിയില്ലായിരുന്നു,” ഒബാമ സി.എൻ.എന്നിന് നൽകിയ കുറിപ്പിൽ പറഞ്ഞു. “അദ്ദേഹത്തിന്റെ ചില ആശയങ്ങളെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. ആ ആശയങ്ങൾ തെറ്റാണെന്ന് ഞാൻ കരുതുന്നു. പക്ഷേ അത് സംഭവിച്ച ദുരന്തത്തിന്റെ യാഥാർത്ഥ്യത്തെ ഇല്ലാതാക്കുന്നില്ല. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി ഞാൻ ദുഃഖിക്കുന്നു.”
“രണ്ട് ചെറിയ കുട്ടികളും ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന ഒരു വലിയ കുടുംബമുള്ള ഒരു യുവാവായിരുന്നു അദ്ദേഹം. അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടായിരുന്നു. അതിനാൽ, അവരുടെ ദുഃഖത്തിന്റെയും ആഘാതത്തിന്റെയും ഈ ഘട്ടത്തിൽ നമ്മൾ അവർക്ക് പിന്തുണ നൽകണം,” ഒബാമ കൂട്ടിച്ചേർത്തു.
എറി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ ജെഫേഴ്സൺ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ പരിപാടിയിലെ മുഖ്യ പ്രഭാഷകനായിരുന്നു ഒബാമ. സമീപ വർഷങ്ങളിൽ വർദ്ധിച്ചുവരുന്ന രാഷ്ട്രീയപരമായ അക്രമങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്ക പങ്കുവെച്ചു. രാജ്യം ഒരു വഴിത്തിരിവിലാണെന്നും ഒബാമ പറഞ്ഞു.