
വാഷിംഗ്ടൺ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, മുൻ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഒബാമയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചത് ഒന്നും ചെയ്യാതെ അമേരിക്കയെ തകർത്തെറിഞ്ഞതിനാണ് എന്നും, അദ്ദേഹം നല്ലൊരു പ്രസിഡന്‍റ് ആയിരുന്നില്ലെന്നും ട്രംപ് ആരോപിച്ചു. റിപ്പോർട്ടർമാരോട് സംസാരിക്കവെ, ഗാസയിലെ സമാധാനശ്രമങ്ങളും എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതുൾപ്പെടെയുള്ള തന്‍റെ നേട്ടങ്ങൾ ട്രംപ് എടുത്തുപറഞ്ഞു.
എന്നാൽ, താൻ പുരസ്‌കാരങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരമേറ്റെടുത്ത് മാസങ്ങൾക്കകം ഒബാമയ്ക്ക് നൊബേൽ സമ്മാനം നൽകിയതിലുള്ള അതൃപ്തിയും ട്രംപ് പ്രകടിപ്പിച്ചു. “അദ്ദേഹത്തിന് സമ്മാനം കിട്ടിയത് ഒന്നും ചെയ്യാതെയാണ്. ഒബാമയ്ക്ക് ഒരു സമ്മാനം കിട്ടി – എന്തിനെന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു, രാജ്യത്തെ തകർത്തതല്ലാതെ മറ്റൊന്നും ചെയ്യാത്തതിന് അവർ ഒബാമയ്ക്ക് സമ്മാനം നൽകി,” ട്രംപ് പറഞ്ഞു.
ഒബാമ അധികാരമേറ്റെടുത്ത് എട്ട് മാസത്തിന് ശേഷം, 2009-ലാണ് അദ്ദേഹത്തിന് നൊബേൽ സമാധാന സമ്മാനം ലഭിച്ചത്. “അന്താരാഷ്ട്ര നയതന്ത്രവും ജനങ്ങൾ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള അസാധാരണമായ ശ്രമങ്ങൾ” പരിഗണിച്ചാണ് ഒബാമയെ തിരഞ്ഞെടുത്തതെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി അന്ന് വിശദീകരിച്ചിരുന്നു. അതേസമയം ട്രംപിന് ഇത്തവണ ആഗ്രഹിച്ചിരുന്നെങ്കിലും നൊബേൽ സമ്മാനം ലഭിച്ചില്ല. വെനസ്വേലയുടെ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ ആണ് പുരസ്കാരത്തിന് അര്‍ഹയായത്.