ദൈവം സൃഷ്ടിച്ചത് ആണിനെയും പെണ്ണിനെയും മാത്രം, ബൈബിൾ പരാമർശിച്ചുള്ള ഉപന്യാസത്തിന് പൂജ്യം മാർക്ക്; ഒക്ലഹോമ യൂണിവേഴ്സിറ്റി ഇൻസ്ട്രക്ടറെ പുറത്താക്കി

ഒക്ലഹോമ: ലിംഗവ്യതിയാനത്തെക്കുറിച്ചുള്ള ഉപന്യാസത്തിൽ ബൈബിൾ സൂക്തങ്ങൾ ഉദ്ധരിക്കുകയും അത് പിശാചുബാധ ആണെന്ന് വാദിക്കുകയും ചെയ്ത വിദ്യാർത്ഥിനിക്ക് പൂജ്യം മാർക്ക് നൽകിയ ഇൻസ്ട്രക്ടറെ ഒക്ലഹോമ യൂണിവേഴ്സിറ്റി പുറത്താക്കി. സർവകലാശാലയിലെ ഗ്രാജ്വേറ്റ് ടീച്ചിംഗ് അസിസ്റ്റന്റായ മെൽ കർത്താ ആണ് നടപടി നേരിട്ടത്. മതപരമായ വിവേചനം കാണിച്ചു എന്നാരോപിച്ച് സൈക്കോളജി വിദ്യാർത്ഥിനിയായ സാമന്ത ഫുൾനെക്കി നൽകിയ പരാതിയിലാണ് സർവകലാശാലയുടെ ഈ നിർണ്ണായക തീരുമാനം. ഒരു സൈക്കോളജി ക്ലാസിലെ അസൈൻമെന്റിന്റെ ഭാഗമായി ലിംഗപരമായ വാർപ്പുമാതൃകകളെക്കുറിച്ച് ഉപന്യാസം എഴുതാനായിരുന്നു നിർദ്ദേശം.

ഇതിൽ, ദൈവം ആണിനെയും പെണ്ണിനെയും മാത്രമാണ് സൃഷ്ടിച്ചതെന്നും അതിനപ്പുറമുള്ള ലിംഗഭേദങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നത് പിശാചുബാധയാണെന്നും സാമന്ത വാദിച്ചു. ഇതിന് ഇൻസ്ട്രക്ടർ മെൽ കർത്താ പൂജ്യം മാർക്ക് നൽകി. വിദ്യാർത്ഥിനിയുടെ വ്യക്തിപരമായ വിശ്വാസത്തിനല്ല മാർക്ക് കുറച്ചതെന്നും, മറിച്ച് അക്കാദമിക് ആയി അസൈൻമെന്റിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിനും ശാസ്ത്രീയമായ തെളിവുകൾക്ക് പകരം വ്യക്തിപരമായ ആശയങ്ങൾ ഉപയോഗിച്ചതിനുമാണ് മാർക്ക് നൽകാത്തതെന്നും ഇൻസ്ട്രക്ടർ വാദിച്ചു. സാമന്ത ഈ ഗ്രേഡിംഗിനെതിരെ സർവകലാശാലയിൽ പരാതി നൽകി.

ഇത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റും രംഗത്തെത്തിയിരുന്നു. സർവകലാശാല നടത്തിയ അന്വേഷണത്തിൽ ഇൻസ്ട്രക്ടറുടെ മൂല്യനിർണ്ണയം ഏകപക്ഷീയമായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു.
മെൽ കർത്തായെ എല്ലാ അധ്യാപന ചുമതലകളിൽ നിന്നും നീക്കം ചെയ്തതായി സർവകലാശാല തിങ്കളാഴ്ച അറിയിച്ചു. എന്നാൽ താൻ യാതൊരുവിധ വിവേചനവും കാണിച്ചിട്ടില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കർത്തായുടെ അഭിഭാഷകൻ വ്യക്തമാക്കി.

അമേരിക്കയിലെ സർവകലാശാലകളിൽ അക്കാദമിക് സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും തമ്മിലുള്ള തർക്കം ഈ സംഭവത്തോടെ വീണ്ടും സജീവമായിരിക്കുകയാണ്. ഡോണൾഡ് ട്രംപ് ഭരണകൂടം ക്യാമ്പസുകളിലെ വൈവിധ്യവൽക്കരണ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഈ വിവാദം ഉണ്ടായിരിക്കുന്നത്. വിദ്യാർത്ഥിനിയുടെ ഗ്രേഡ് പുനഃപരിശോധിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide