
വാഷിംഗ്ടണ്‍: സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള യാത്ര പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിരോധിച്ചതോടെ ആശങ്കയിലായി കായിക പ്രേമികൾ. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ യുഎസിൽ നിരവധി വലിയ കായിക മത്സരങ്ങൾ നടക്കാൻ പോകുന്നുണ്ട്. ഇതിൽ 2026ലെ ലോകകപ്പ് (കാനഡ, മെക്സിക്കോ, യുഎസ് എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നു), ലോസ് ഏഞ്ചൽസിലെ 2028ലെ ഒളിമ്പിക്സ് എന്നിവ ഉൾപ്പെടുന്നു.
നിലവിലെ സാഹചര്യത്തിൽ, യാത്രാവിലക്ക് വിലക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങളെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ ബാധിക്കില്ല. ഏകദേശം 4,500 വാക്കുകളുള്ള ഈ പ്രഖ്യാപനത്തിൽ കായിക രംഗത്തെ ഇളവിനെ കുറിച്ച് ഒരു വാചകം മാത്രമാണ് ഉള്ളത്. ‘ലോകകപ്പ്, ഒളിമ്പിക്സ്, അല്ലെങ്കിൽ സ്റ്റേറ്റ് സെക്രട്ടറി നിർണ്ണയിക്കുന്ന മറ്റ് പ്രധാന കായിക മത്സരങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ഏതൊരു കായികതാരമോ അത്‌ലറ്റിക് ടീം അംഗമോ, കോച്ചുകൾ, ആവശ്യമായ പിന്തുണാ പങ്ക് വഹിക്കുന്നവർ, അടുത്ത ബന്ധുക്കൾ എന്നിവർക്ക് ഇത് ബാധകമല്ല ‘ എന്നാണത്. എന്നാല്‍, ആരാധകരുടെ കാര്യത്തിൽ കൃത്യമായി ഒന്നും പറഞ്ഞിട്ടില്ല.
അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ (ബര്‍മ്മ), ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് യുഎസ് പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചത്.അതേസമയം, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് ഭാഗിക നിയന്ത്രണവും ഉണ്ടായിരിക്കും. എന്നാല്‍, നിയമാനുസൃത സ്ഥിര താമസക്കാര്‍, നിലവിലുള്ള വിസ ഉടമകള്‍, ചില വിസ വിഭാഗങ്ങള്‍, യുഎസ് ദേശീയ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന വ്യക്തികള്‍ എന്നിവരെ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.