
ആങ്കറേജ്, അലാസ്ക: ശക്തമായ കൊടുങ്കാറ്റ് അലാസ്കയുടെ പടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ചതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ അധികൃതർ ഒഴിപ്പിച്ചു. സംസ്ഥാനത്തിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമമാർഗ്ഗമുള്ള ഒഴിപ്പിക്കൽ ശ്രമങ്ങളിലൊന്നാണിതെന്ന് നാഷണൽ ഗാർഡ് വ്യക്തമാക്കി. ടൈഫൂൺ ഹാലോംഗ് എന്ന് പേരിട്ട ഈ കൊടുങ്കാറ്റിന്‍റെ അനന്തരഫലമായി അതിശക്തമായ കാറ്റ് നിരവധി വീടുകൾ തകർത്തു. കടൽക്ഷോഭം ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കി. ഇതോടെ വിവിധ ഏജൻസികൾ ഉൾപ്പെട്ട വലിയൊരു രക്ഷാപ്രവർത്തനമാണ് ആരംഭിച്ചത്. കിപ്‌നുക്ക്, ക്വിഗിലിംഗോക്ക് എന്നീ ഒറ്റപ്പെട്ട ഗ്രാമങ്ങളാണ് ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത്.
വടക്കൻ പസഫിക് സമുദ്രത്തിൽ രേഖപ്പെടുത്തിയ റെക്കോർഡ് മറൈൻ താപനിലയിൽ നിന്ന് കൂടുതൽ ഊർജ്ജം സംഭരിച്ചാണ് ടൈഫൂൺ ഹാലോംഗ് അലാസ്കയിലേക്ക് ആഞ്ഞുവീശിയത്. പ്രദേശത്തെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിൽ ഒന്നായിരുന്നു ഇത്. കൊടുങ്കാറ്റ് പടിഞ്ഞാറൻ അലാസ്കയിലേക്ക് പ്രവേശിച്ചപ്പോൾ മണിക്കൂറിൽ 107 മൈൽ വരെ വേഗതയിൽ കാറ്റ് വീശി. ഇതോടെ, റെക്കോർഡ് ഭേദിച്ച് ജലനിരപ്പ് ഉയരുകയും വിനാശകരമായ കടൽക്ഷോഭത്തിന് കാരണമാവുകയും ചെയ്തു. കിപ്‌നുക്കിൽ 6.6 അടി ഉയരത്തിലാണ് ജലനിരപ്പ് ഉയർന്നത്, ഇത് മുൻ റെക്കോർഡിനേക്കാൾ രണ്ട് അടി കൂടുതലാണ്.
ഒറ്റരാത്രികൊണ്ട് 300 പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പടിഞ്ഞാറൻ അലാസ്കയിലെ റീജിയണൽ ഷെൽട്ടറായ ബെഥേലിൽ ശേഷി നിറഞ്ഞതിനെ തുടർന്ന്, 400 മൈൽ അകലെയുള്ള ആങ്കറേജിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സണിലേക്കാണ് ആളുകളെ വിമാനമാർഗ്ഗം മാറ്റിയത്.