
ബെയ്ജിംഗ്: താരിഫ് തർക്കത്തിൽ നിലനിൽക്കുന്ന സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് അമേരിക്കയുമായി “പ്രവർത്തന തലത്തിലുള്ള ആശയവിനിമയത്തിൽ” ഏർപ്പെട്ടിരിക്കുകയാണെന്ന് ചൈന. ഈ പ്രശ്നം പരിഹരിക്കാനുള്ള ഉത്തരവാദിത്തം അത് തുടങ്ങിയവർക്ക് തന്നെയാണെന്നുള്ള നിലപാടും ചൈന ആവർത്തിച്ചു. പന്ത് ചൈനയുടെ കോർട്ടിലാണ് എന്നും ബീജിംഗ് ഒരു കരാറിലെത്തേണ്ടതുണ്ടെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഹെ യോങ്‌ഖിയാൻ കൂട്ടിച്ചേർത്തു. മണി കെട്ടിയവർ തന്നെ അത് അഴിക്കണമെന്നും ഹെ യോങ്‌ഖിയാൻ പറഞ്ഞു.
അതേസമയം, താരിഫ് യുദ്ധം കടുക്കുന്നതിനിടെ കൂടിക്കാഴ്ചയ്ക്ക് തയാറായെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത് വന്നിരുന്നു. എന്നാൽ, ഔദ്യോഗിക കൂടിക്കാഴ്ചയെക്കുറിച്ച് ഏഷ്യൻ രാജ്യത്ത് നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. മെക്സിക്കോ, ജപ്പാൻ എന്നിവരുമായുള്ള തന്റെ ഫലപ്രദമായ ചർച്ചകളെക്കുറിച്ചും ട്രംപ് വിശദീകരിച്ചു.